Skip to main content

വാടകക്കുടിശിക: മഹാരാജാസ് പവിലിയനിലെ കടമുറി ഒഴിപ്പിച്ചു

 

കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ട് പവിലിയന്റെ ഭാഗമായ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നാലു വര്‍ഷത്തെ വാടക അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയ കടമുറി റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചു. കോളേജ് വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു ഒഴിപ്പിക്കല്‍. ചാവക്കാട് സ്വദേശി കൈവശം വച്ചിരുന്ന 2.2 എ നമ്പര്‍ കടമുറിയാണ് ഒഴിപ്പിച്ചെടുത്തത്.

വളരെ ചെറിയ നിരക്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാടകയ്‌ക്കെടുത്ത കടമുറിയ്ക്ക് 2014 ഫെബ്രുവരി മുതല്‍ വാടക ലഭിച്ചിരുന്നില്ല. പല തവണ നോട്ടീസ് നല്‍കിയിട്ടും 3,18,850 രൂപയുടെ വാടക കുടിശിക അടക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കലിന് നടപടി സ്വീകരിച്ചത്.

ഷോപ്പിംഗ് കോംപ്ലക്‌സിലെ 66 എ കടമുറിയും ഇന്നലെ ഒഴിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കുടിശികയായ 299970 രൂപ പത്തു ദിവസത്തിനുള്ളില്‍ അടച്ചുതീര്‍ത്ത് പുതിയ കരാറിലേര്‍പ്പെടാമെന്ന് കട ഉടമ അറിയിച്ച സാഹചര്യത്തില്‍ പത്തു ദിവസത്തെ സമയം അനുവദിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനാ പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയിലെ അംഗങ്ങള്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒഴിപ്പിക്കല്‍.

date