Skip to main content

എലിപ്പനിക്കെതിരേ കരുതല്‍ വേണം:  ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ പല സ്ഥലങ്ങളിലും എലിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്ത  സാഹചര്യത്തില്‍ ഇതിനെതിരേ ജാഗ്രത പാലിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. കൃഷി, കന്നുകാലി പരിചരണം എന്നിവയ്ക്കായി പാടത്തും പറമ്പിലും ഇറങ്ങുന്നവര്‍ക്കാണ് ഈ രോഗം ഉണ്ടാകുന്നത്. മരണസാധ്യത ഏറെയുള്ള എലിപ്പനിക്കെതിരേ അതീവ ശ്രദ്ധയും കരുതലും വേണം. 

രോഗബാധയുള്ള എലികള്‍, കന്നുകാലികള്‍, പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ പാടത്തും പറമ്പിലും വെള്ളക്കെട്ടുകളിലും ദിവസങ്ങളോളം ജീവിച്ചിരിക്കും. ഈ വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരിലേക്കു രോഗാണു പ്രവേശിക്കും. മനുഷ്യശരീരത്തിലെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലെയും കാല്‍വിരലിന്റെ ഇടയിലെയും നേര്‍ത്ത തൊലിയില്‍കൂടി രോഗാണുക്കള്‍ മനുഷ്യശരീരത്തിലെത്തി എലിപ്പനി ഉണ്ടാക്കും. എലിമൂത്രം കലര്‍ന്ന ആഹാരം കഴിക്കുന്നതിലൂടെയും എലിപ്പനി ഉണ്ടാകാം. ആരംഭത്തിലെ തിരിച്ചറിഞ്ഞു   ചികിത്സിച്ചാല്‍ ഈ രോഗത്തെ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയും. എലിപ്പനി രോഗചികിത്സയ്ക്കുള്ള മരുന്നുകള്‍ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ലഭ്യമാണ്. 

 

മുന്‍കരുതല്‍

 

കൃഷി, കന്നുകാലി പരിചരണം, ആറ്, തോട്, ചെറുജലാശയം എന്നിവിടങ്ങളിലെ മീന്‍പിടിത്തം എന്നിവയ്ക്കായി പാടത്തും പറമ്പിലും ചെലിയ വെള്ളക്കെട്ടുകളിലും ഇറങ്ങുന്നവര്‍ കാല്‍മുട്ട് വരെ മൂടുന്ന പാദരക്ഷ (ഗംബൂട്ട്) ധരിക്കണം. ശരീരത്ത് മുറിവുള്ളവര്‍ വെള്ളക്കെട്ടില്‍ ഇറങ്ങരുത്. വെളളക്കെട്ടുകളില്‍ ഇറങ്ങി മുഖം കഴുകുക, കുളിക്കുക, കന്നുകാലികളെ കുളിപ്പിക്കുക എന്നിവ പാടില്ല. ഇറച്ചിവെട്ടുകാര്‍ നിര്‍ബന്ധമായും കൈയുറയും കാലുറയും ധരിക്കണം. 

പാടത്തോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഇറങ്ങേണ്ട സാഹചര്യമുള്ളവര്‍ എലിപ്പനിക്കെതിരെയുള്ള മുന്‍കരുതല്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. ഈ ഗുളിക ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. 

 

ചികിത്സ

 

എലിപ്പനിക്കെതിരെയുള്ള സൗജന്യ പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായശേഷം പനി ലക്ഷണം കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. മലിനജല സമ്പര്‍ക്കം ഉണ്ടായ വിവരം ഡോക്ടറോട് പറയാന്‍ ശ്രദ്ധിക്കണം. എലിപ്പനി ലക്ഷണം മഞ്ഞപ്പിത്ത ലക്ഷണമായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശരിയായ എലിപ്പനി രോഗചികിത്സ ലഭിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുമാത്രം ചികിത്സ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.

 

date