Skip to main content

കരുതലും കാവലുമായി പോലീസ് സേന

       ജില്ലയില്‍ കോവിഡ് 19 രോഗപ്രതിരോധത്തില്‍ രാവും പകലും ജാഗ്രതയോടെ പോലീസ് സേന. ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ ഒരു എ.എസ്.പി, എട്ട് ഡി.വൈ.എസ്.പി, 18 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങിയ  1172 സേനാംഗങ്ങളാണ് ജില്ലയ്ക്ക് കാവലുറപ്പിക്കുന്നത്. 69 ഹോം ഗാര്‍ഡുകളും പോലീസിനെ സഹായിക്കാനായി രംഗത്തുണ്ട്. ലോക്ഡൗണിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ജില്ലാഭരണകൂടത്തിന് കരുത്താവുന്നത് പോലീസിന്റെ ഇടപെടലുകളാണ്.
        പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലായി 927 പേരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍, പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടിയവര്‍ എന്നീ കാരണങ്ങള്‍ക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ കൂടുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എത്തി ആളുകളെ ബോധവത്കരിച്ച് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വൈത്തിരി, കല്‍പ്പറ്റ, മാനന്തവാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ പ്രത്യേക ക്രൗഡ് ഡിസ്സിപ്പേഷന്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണത്തിനായി ഡ്രോണ്‍ സംവിധാനവും ഉപയോഗിക്കുന്നു.വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അതിര്‍ത്തി പ്രദേശ  ങ്ങളില്‍ വാഹന പരിശോധനയും മൊബൈല്‍ പട്രോളിംങും പോലീസ് നടത്തുന്നുണ്ട്. പരിശോധനയില്‍ രോഗ ലക്ഷണമുള്ളവരായി കണ്ടെത്തുന്നവരെ നേരിട്ട് ആസ്പത്രിയില്‍ എത്തിക്കാനും മുന്നിട്ടിറങ്ങുന്നു.
        ബ്രേക്ക് ദി ചെയ്ന്‍ കാമ്പയിനില്‍ പങ്കാളികളായി ഓരോ പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി സോപ്പ്, വെളളം, സാനിറ്റൈസര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. രോഗ നിയന്ത്രണത്തിനായി നിരീക്ഷണത്തിലുള്ള വ്യക്തികളുടെ സഞ്ചാരം ജിയോ ഫെന്‍സിങ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ സൈബര്‍ സെല്ലില്‍ നിരീക്ഷിക്കുന്നു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മരുന്ന് ഉള്‍പ്പെടെയുളള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുകയും അന്യ സംസ്ഥാന തൊഴിലാളികളുടെ കാമ്പുകള്‍ സന്ദര്‍ശിച്ച് അവശ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.  
 

date