പിഎംഎവൈ: ഗുണഭോക്താക്കളെ ഗ്രാമസഭയുടെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കും
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്കുള്ള (പിഎംഎവൈ) ഗുണഭോക്താക്കളെ ഗ്രാമസഭയുടെ പട്ടികയില്‍ നിന്നും തെരഞ്ഞെടുക്കും. ഇതിനായി കേന്ദ്രഗ്രാമവികസന മന്ത്രാലയം അനുമതി നല്കിയിട്ടുണ്ടെന്ന് കെ വി തോമസ് എംപി പറഞ്ഞു. നഗര, ഗ്രാമപ്രദേശങ്ങളില്‍ നടപ്പിലാക്കി വരുന്ന വിവിധ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ ത്രൈമാസ അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ത്രൈമാസ അവലോകനയോഗമായ ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിശ)യുടെ അവസാനപാദയോഗം ചേര്‍ന്നത്. സാമൂഹ്യ-സാമ്പത്തിക- ജാതി സെന്‍സസ് പട്ടികയില്‍ ഇനി ഗുണഭോക്താക്കളില്ലാഞ്ഞതിനാല്‍ ഗ്രാമസഭയുടെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കണമെന്ന് കഴിഞ്ഞ ദിശായോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവുണ്ടായത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടന്ന വേതനം, മെറ്റീരിയല്‍ ഫണ്ട് എന്നിവയും ലഭ്യമായിട്ടുണ്ടെന്ന് ദിശ ചെയര്‍മാന്‍ കൂടിയായ കെ വി തോമസ് എംപി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷം 64337 കുടുംബങ്ങള്‍ക്ക് 2021651 തൊഴില്‍ ദിനങ്ങള്‍ നല്‍കിയെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണവിഭാഗം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഇതില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് 415206 തൊഴില്‍ദിനങ്ങളും പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 31313 തൊഴില്‍ദിനങ്ങളും നല്കി. 2017-18-ല്‍ 7676.71 ലക്ഷം രൂപ ചെലവഴിച്ചു.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നീര്‍ത്തട ഘടകം പദ്ധതി ജില്ലയിലെ അഞ്ച് ബ്‌ളോക്കു പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. ഇതിനായി ലഭ്യമായ 81.12 ലക്ഷം രൂപയില്‍ 78.78 ലക്ഷം രൂപ ചെലവാക്കി. പുത്തന്‍വേലിക്കര- കുന്നുകര ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കും നടപ്പാക്കാന്‍ സാധ്യതയുള്ള പദ്ധതികള്‍ക്കും നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി വഴി പ്രതേ്യക ധനസഹായം (ക്രിറ്റിക്കല്‍ ഗ്യാപ് ഫണ്ട്) നല്കും. ഇതിനായി 5,41,77,500 രൂപ അനുവദിച്ച#ിട്ടുണ്ട്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിപ്രകാരം എറണാകുളം ജില്ലയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചു. രണ്ടാംഘട്ടത്തിലേക്ക് അനുവദിച്ച ഏഴ് റോഡുകളുടെയും ഒരു പാലത്തിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് ആന്റ് മൊബൈല്‍ ആപ് പ്രവര്‍ത്തനം ആരംഭിച്ചു. യന്ത്രേതര ഗതാഗതപദ്ധതികളുടെ ഭാഗമായി മഹാരാജാസ് മെട്രോ സ്റ്റേഷന്‍ മുതല്‍ എറണാകുളം ബോട്ടുജെട്ടി വരെയുള്ള ഹോസ്പിറ്റല്‍ റോഡില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതി, ദേശീയ ആരോഗ്യദൗത്യം പദ്ധതികള്‍ തുടങ്ങി 26 കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ അവലോകനം യോഗത്തില്‍ നടന്നു.
ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ ആന്റണി, ഡെപ്യൂട്ടി കളക്ടര്‍ എം വി സുരേഷ്‌കുമാര്‍, പിഎയു പ്രൊജക്ട് ഡയറക്ടര്‍ കെ ജി തിലകന്‍, എഡിസി ജനറല്‍ എസ് ശ്യാമലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ആലങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജു ചുള്ളിക്കാട്, മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസി ജോളി വട്ടക്കുഴി, പറവൂര്‍ ബ്‌ളോക്കുപഞ്ചായത്തു പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളി, വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ മുംതസ്, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫ്രാന്‍സിസ് തറയില്‍, പുതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിമോള്‍ അജയന്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീറ്റര്‍, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു, ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments