അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ സ്ഥിരംവേദി കൊച്ചിയിലാക്കുന്നത് പരിഗണനയില്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യോത്സവത്തിന്റെയും സ്ഥിരം വേദി കൊച്ചിയിലാക്കുന്നത് പരിഗണിക്കുമെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണവകുപ്പിന്റെയും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ മറൈന്‍ഡ്രൈവിലും ബോള്‍ഗാട്ടിയിലുമായി നടക്കുന്ന മേളയുടെ വിജയം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജയ്പൂര്‍, കൊല്‍ക്കൊത്ത സാഹിത്യോത്സവങ്ങളുടെ തുടര്‍ച്ചയായി വരുംവര്‍ഷങ്ങളില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ കേരളത്തിന്റെ അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രസാധകരംഗത്തെ പ്രമുഖരെയും പ്രശസ്തരായ എഴുത്തുകാരെയും മേളയില്‍ പങ്കെടുപ്പിക്കുന്നതിന് അത് സഹായകമാകും. ലോകപ്രശസ്തി നേടിയ മലയാള സാഹിത്യകാരന്‍മാരുടെ ജന്മനാടുകളിലേക്കും പ്രവര്‍ത്തനകേന്ദ്രങ്ങളിലേക്കുമുള്ള യാത്രകളും സാഹിത്യോത്സവത്തിന്റെ ഭാഗമാക്കും.
സ്വതന്ത്രമായ ചിന്തയ്ക്കും ആവിഷ്‌കാരത്തിനും ഇടമുള്ള നാടാണ് കേരളമെന്ന ഖ്യാതി സാഹിത്യോത്സവം പ്രഖ്യാപിക്കും. സാഹിത്യം, സംസ്‌കാരം, ചരിത്രം, സാങ്കേതികത, വിദ്യാഭ്യാസം, ചലച്ചിത്രം എന്നിവയ്‌ക്കൊപ്പം പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സാഹിത്യോത്സവം വേദിയാകും. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സാഹിത്യ തീര്‍ത്ഥാടനത്തിനാണ് മാര്‍ച്ച് ആദ്യവാരം കൊച്ചി സാക്ഷ്യം വഹിക്കുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ അണിനിരക്കുന്ന പുസ്തകോത്സവം മാര്‍ച്ച് ഒന്നിന് മറൈന്‍ഡ്രൈവിലെ വിശാലമായ പന്തലില്‍ നടക്കും. രാജ്യാന്തരനിലവാരത്തില്‍ ലൈബ്രറികള്‍ക്ക് സമാനമായാണ് ഇവിടെ പുസ്തകങ്ങള്‍ ക്രമീകരിക്കുക. ആറു മുതല്‍ പത്തു വരെ ബോള്‍ഗാട്ടി പാലസ് വളപ്പില്‍ സാഹിത്യോത്സവം നടക്കും. വിവിധ വേദികളിലായി ഒരേസമയം പരിപാടികള്‍ സംഘടിപ്പിക്കും. ഇവയുടെ നേരിട്ടുള്ള സംപ്രേഷണവുമുണ്ടാകും. പുസ്തകമേളയുടെയും സാഹിത്യോത്സവത്തിന്റെയും വിശദമായ ഷെഡ്യൂള്‍ ഫെബ്രുവരി 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ സംഘാടകസമിതി ചെയര്‍മാന്‍. സഹകരണവകുപ്പ് മന്ത്രി വര്‍ക്കിംഗ് ചെയര്‍മാന്‍. എം.ടി വാസുദേവന്‍നായരാണ് മേളയുടെ മുഖ്യരക്ഷാധികാരി. ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായി ഷാജി എന്‍ കരുണും ഫെസ്റ്റിവല്‍ ഡയറക്ടറായി വൈശാഖനും കണ്‍വീനറായി എസ്. രമേശനും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. എഡിറ്റര്‍മാരുമൊത്തുള്ള മന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ രാജലക്ഷ്മി, കോ ഓഡിനേറ്റര്‍ ജോബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments