തൊഴിലുറപ്പ് പദ്ധതി: കോഴിക്കോട് ജില്ലയില്‍ പൂര്‍ണതോതില്‍
കോഴിക്കോട് കുന്നുമ്മല്‍ ബ്ലോക്കില്‍ കൂടി തൊഴിലുറപ്പ് പദ്ധതി പുനരാരംഭിച്ചതോടെ ലോക്ഡൗണില്‍ ജില്ലയിലെ പദ്ധതി പ്രവര്‍ത്തനം പൂര്‍ണതോതിലായി. കോവിഡ് 19 നെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രവൃത്തികള്‍ ഒരു മാസത്തിനു ശേഷമാണ് വിവിധ പഞ്ചായത്തുകളില്‍ ഘട്ടങ്ങളായി പുനരാരംഭിച്ചത്.
ജില്ലയിലെ 12 ബ്ലോക്കുകളിലും 70 ഗ്രാമ പഞ്ചായത്തുകളിലുമായി മൊത്തം 3,90,000 തൊഴില്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ 2,40,000 സജീവ തൊഴില്‍പങ്കാളികളുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴില്‍ ദിനങ്ങള്‍ പൂര്‍ണമാകും മുമ്പ് പ്രവൃത്തികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നെങ്കിലും ലക്ഷ്യം വച്ചതിലും 27 ശതമാനം അധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. 6,92,000 തൊഴില്‍ ദിനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ലക്ഷ്യമിട്ടിരുന്നത്.
31,456 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി, ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം നേടുന്നതിനും കോഴിക്കോട് ജില്ലയ്ക്കു കഴിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ജില്ലയില്‍ 80,17,000 തൊഴില്‍ ദിനങ്ങളാണ് ലക്ഷ്യം വച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് പൂര്‍ണതോതില്‍ കൈവരിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. 17 തരം പ്രവൃത്തികളാണ് നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്നത്.
മഴക്കാല പൂര്‍വ ശുചീകരണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പുഴകളുടെ വശങ്ങള്‍ ബലപ്പെടുത്തല്‍, കിണര്‍, കുളം തുടങ്ങിയവയുടെ നിര്‍മ്മാണവും ശുചീകരണവും അടക്കം പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കോവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് എല്ലാ കേന്ദ്രങ്ങളിലും പ്രവൃത്തികള്‍. ഇതിനാവശ്യമായി ഒരുക്കങ്ങളെല്ലാം ക്രമീകരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- Log in to post comments