കോവിഡ് 19: വിശ്രമമില്ലാത്ത 100 ദിനങ്ങള്‍ പിന്നിട്ട് മലപ്പുറത്തെ ജില്ലാ തല കണ്‍ട്രോള്‍ സെല്‍
ലോകമാകെ ആശങ്ക പടര്‍ത്തുന്ന കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ലയിലെ കണ്‍ട്രോള്‍ റൂം പിന്നിട്ടത് വിശ്രമമില്ലാത്ത 100 ദിവസങ്ങള്‍. വൈറസ് വ്യാപനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തി പ്രതിരോധിക്കുന്ന നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളില്‍ നൂറില്‍പ്പരം ആരോഗ്യ വകുപ്പ് ജീവനക്കാരും വളണ്ടിയര്‍മാരുമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ രോഗബാധ സ്ഥിരീകരിച്ച 22 പേരില്‍ 21 പേരും രോഗമുക്തരായ വേളയിലാണ് കണ്‍ട്രോള്‍ സെല്‍ 100 ദിനങ്ങളെന്ന നാഴികക്കല്ല് പിന്നിടുന്നതെന്നതും ശ്രദ്ധേയമാണ്.
ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ ജനുവരി 24 മുതല്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നിര്‍ദേശപ്രകാരം കണ്‍ട്രോള്‍ സെല്‍ ആരംഭിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടപടികളാരംഭിച്ചു. പ്രോഗ്രാം മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കി ജനുവരി 28 ന് ഹെല്‍പ്പ് ഡെസ്‌ക്കടക്കമുള്ള സേവനങ്ങളുമായി ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി. കോവിഡ് നിരീക്ഷണം, ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ആവശ്യമായ ജീവനക്കാരെ ലഭ്യമാക്കല്‍, കോവിഡ് പ്രത്യേക പരിശീലനം, ചികിത്സ-പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, കോവിഡ് കെയര്‍ സെന്ററുകളിലും ചികിത്സാ കേന്ദ്രങ്ങളിലും ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കല്‍, കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം അവരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തി നിരീക്ഷണം ഏര്‍പ്പെടുത്തല്‍, റൂട്ട് മാപ്പ് തയ്യാറാക്കല്‍, നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക സംഘര്‍ഷം കുറക്കാന്‍ കൗണ്‍സലിംഗ് ഉള്‍പ്പടെയുള്ള പിന്തുണ ലഭ്യമാക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കായി 19 പ്രത്യേക വിഭാഗങ്ങളാണ് ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലിലെ ഒരോ ദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും. 8.30ന് തലേ ദിവസം രാത്രി നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് രാവിലെ 10 മണിക്ക് ആദ്യ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായും സംസ്ഥാന ആരോഗ്യ വകുപ്പുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടാണ് ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിവിധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പുതിയ വിവരങ്ങളും ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യും. ദിവസവും വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 58 റിപ്പോര്‍ട്ടുകളാണ് ഇതിനായി തയ്യാറാക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് പ്രതിരോധ ജില്ലാതല മുഖ്യ സമിതിയില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി മാധ്യമങ്ങള്‍ക്ക് കൈമാറി പൊതുജനങ്ങളെ അറിയിക്കും. വൈകുന്നേരം 5.30 നാണ് രാത്രി ജോലിക്കുള്ള പുതിയ സംഘം കണ്‍ട്രോള്‍ സെല്ലില്‍ സജീവമാവുക.
100 ദിവസങ്ങിലായി അവധിയില്ലാതെ തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികളടക്കമുള്ള വളണ്ടിയര്‍മാരുടെ സേവനവുമുണ്ട്. പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളജിലെ 30 വിദ്യാര്‍ഥികള്‍, മഞ്ചേരി മെഡിക്കല്‍ കോളജിലെ 22 മെഡിക്കല്‍ വിദ്യാര്‍ഥികള്‍, കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ 12 വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം ആരോഗ്യ വകുപ്പിനൊപ്പം മുഴുവന്‍ ദിവസങ്ങളിലും സേവനത്തിലുണ്ട്. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുടെ വിവര ശേഖരണവും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൈമാറലുമാണ് ഇവര്‍ ചെയ്യുന്നത്.
കോവിഡുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയ നിവാരണത്തിനും ആരോഗ്യ ജാഗ്രത ഉറപ്പാക്കാനുമായി അഞ്ച് ടെലഫോണ്‍ നമ്പറുകളിലാണ് കണ്‍ട്രോള്‍ സെല്ലില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നത്. ഇതിനൊപ്പം മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ഫോണ്‍ വഴി 24 മണിക്കൂറും സേവനത്തിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ സേവനങ്ങളെല്ലാം ഒരു നമ്പറില്‍ ലഭ്യമാക്കി ആരംഭിച്ച 'സ്നേഹ' പദ്ധതിയും ഇതിനകം ശ്രദ്ധയാകര്‍ഷിച്ചു. ഇന്റര്‍ ആക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം (ഐ.വി.ആര്‍) ഉപയോഗിച്ച് ഇത്തരത്തിലുള്ള സംവിധാനം സംസ്ഥാനത്താദ്യമായി ജില്ലയിലാണ് പ്രാവര്‍ത്തികമാക്കിയത്.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മലപ്പുറം സ്വദേശികളായവര്‍ തിരിച്ചെത്തുന്നതോടെ ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ഉത്തരവാദിത്തങ്ങള്‍ ഇനിയും വര്‍ധിക്കുകയാണ്. ജില്ലയുടെ സുരക്ഷാകവചം ഭദ്രമാണെന്ന് തെളിയിച്ചുകഴിഞ്ഞു ഊണും ഉറക്കവും മറന്ന് 100 ദിവസം വിജയകരമായി പിന്നിട്ട ഈ ദൗത്യസംഘം.
- Log in to post comments