പാലക്കഴയിലെ തടസ്സങ്ങൾ മാറ്റാൻ കളക്ടറുടെ ഉത്തരവ്
കാലവർഷത്തിൽ അന്തിക്കാട്, ചാഴൂർ, മണലൂർ പഞ്ചായത്തുകളിലെ നൂറ് കണക്കിന് വീടുകൾക്ക് വെള്ളപ്പൊക്ക ഭീഷണിയായി മാറിയ കാഞ്ഞാണി പാലക്കഴയിലെ തടസ്സം നീക്കം ചെയ്യുന്നതിന് ജില്ലാകളക്ടറുടെ ഇടപെടൽ. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി.
അന്തിക്കാട്, ചാഴൂർ, കോൾ പാടശേഖരങ്ങളിലെ വെളളം ഒഴുകിപോകേണ്ട ഹൈ ലെവൽ കനാലിൽ അടിഞ്ഞുകൂടിയ മണ്ണും കല്ലും ക്വാറി, കെട്ടിട അവശിഷ്ടങ്ങളും നീക്കണമെന്ന് കേരള ലാൻഡ് ഡവലപ്മെൻറ് കോർപ്പറേഷന് ജില്ല കളക്ടർ നിർദ്ദേശം നൽകി. പാലക്കഴ മുതൽ ഏനാമാക്കൽ ഫെയ്സ് കനാൽ വരെയുള്ള മുഴുവൻ തടസ്സങ്ങളും ഒഴിവാക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. ഇതോടെ കാലവർഷക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്ന നൂറുകണക്കിന് വീട്ടുകാർക്ക് ആശ്വാസമാവുകയാണ്.
പുള്ള്, ആലപ്പാട്, പുറത്തൂർ പ്രദേശങ്ങളിലെ മുഴുവൻ മഴവെള്ളവും അന്തിക്കാട് കോൾ പാടശേഖരത്തിലെത്തി കാഞ്ഞാണിയിലെ പാലക്കഴയിലൂടെ കടന്നു വേണം ഒഴുകി ഏനാമക്കൽ റെഗുലേറ്ററിലൂടെ കടലിലെത്താൻ. ഉപയോഗിക്കുന്ന കഴകൾ പലകകൾ ഉപയോഗിച്ച് ആശ്യാനുസരണം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്. എന്നാൽ ഇവിടെ മണ്ണും കല്ലും അടിഞ്ഞ് കിടക്കുന്നതിനാൽ പലകകൾ ഉയർത്താൻ കഴിയാത്ത സ്ഥിതിയാണ്. അതിവർഷം ഉണ്ടാകുന്ന സമയങ്ങളിൽ ഓരോ പാടശേഖരങ്ങളും പൊതു താൽപര്യം കണക്കിലെടുത്ത് കൃഷിയിറക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങൾക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയതായും കളക്ടർ പറഞ്ഞു.
കഴിഞ്ഞ രണ്ട് പ്രളയത്തിലും ഈ മേഖലയിലെ വീടുകൾ വെള്ളത്തിലായതിന് കാരണം പാലക്കഴയിലെ തടസമായിരുന്നു. മണലൂർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും, പടവ് കമ്മിറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ജില്ലാ കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചയാണ് ഫലം കണ്ടത്.
- Log in to post comments