പ്രവാസികളുടെ തിരിച്ചുവരവ്:ക്രമീകരണത്തിന് സമിതികൾ
ആലപ്പുഴ: പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും മേൽനോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികളായി. ജില്ല കളക്‌ടർ,ജില്ല പൊലീസ് മേധാവി,ജില്ല മെഡിക്കൽ ഓഫീസർ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരടങ്ങുന്ന സമിതിക്കാണ് ജില്ലാ തല മേല്‍നോട്ടം.
തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ പ്രാദേശിക സമിതികൾ രൂപീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചെയർപേഴ്‌സൺ അധ്യക്ഷനായ പ്രാദേശിക സമിതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിപക്ഷ ജനപ്രതിനിധി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, എം എൽ എ അല്ലെങ്കിൽ എം എൽ എയുടെ പ്രതിനിധി,പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറി,പി എച്ച് സി മേധാവി,സഹകരണ ബാങ്ക് പ്രസിഡന്റ്,സാമൂഹ്യ സന്നദ്ധ സേനയുടെ പ്രതിനിധി,കുടുംബശ്രീ പ്രതിനിധി,ആശ വർക്കർമാരുടെ പ്രതിനിധി,പെൻഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും.
ആരോഗ്യസംബന്ധമായ പരിശോധനയുടെയും തുടർ നടപടികളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും. കോവിഡ് കെയർ സെന്ററുകളിലെ ഭക്ഷണത്തിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനത്തിനാണ്. ആവശ്യമായ സുരക്ഷയും നിരീക്ഷണവും പൊലീസ് ഉറപ്പുവരുത്തണം. സർക്കാർ നിർദ്ദേശങ്ങളും തുടർ ഉത്തരവുകളും അനുസരിച്ച് സമിതികൾ പ്രവർത്തിക്കേണ്ടതെന്ന് ജില്ല കളക്‌ടർ എം അഞ്ജന അറിയിച്ചു.
- Log in to post comments