Skip to main content

വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റികളും തദ്ദേശ സ്ഥാപനതല കമ്മിറ്റികളും രൂപീകരിക്കണം

കോവിഡ് 19 നിര്‍വ്യാപന, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രവാസികളുടേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടേയും തിരിച്ചുവരവ് എന്നിവയുമായി ബന്ധപ്പെട്ട്
നടത്തുന്ന ക്രമീകരണങ്ങള്‍ക്കായി വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റികളും തദ്ദേശ സ്ഥാപനതല കമ്മിറ്റികളും രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള പല തരം ആവശ്യങ്ങള്‍ക്കായി രൂപീകരിച്ച കമ്മിറ്റികള്‍ (വാര്‍ഡ് ഹെല്‍ത്ത് കമ്മിറ്റികള്‍, ആരോഗ്യ ജാഗ്രത സമിതികള്‍, ഇ ആര്‍ ടി) പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നിര്‍ദേശം നല്‍കി. കൂടാതെ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍, കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ സേനാ പ്രവര്‍ത്തകര്‍, എസ്‌സി, എസ്ടി പ്രൊമോട്ടര്‍മാര്‍, സ്ഥലത്തു താമസമുള്ള സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്യൂണിറ്റി ഗ്രൂപ്പ് രൂപീകരിക്കണം.
പ്രവാസികളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടേയും തിരിച്ചുവരവ് എന്നിവ മൂലം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനത്തിലെ കമ്യൂണിറ്റി ഗ്രൂപ്പ് പുനര്‍നാമകരണം ചെയ്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ (രണ്ടു പേര്‍), റസിഡന്റ്‌സ് അസോസിയേഷന്‍ അല്ലെങ്കില്‍ പ്രദേശത്തെ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, ജനമൈത്രി പോലീസ് പ്രതിനിധി, കുടുംബശ്രീ സംഘടനാ അംഗം, സന്നദ്ധ പ്രവര്‍ത്തകന്‍/പ്രവര്‍ത്തക, അംഗന്‍വാടി ടീച്ചര്‍ / വര്‍ക്കര്‍, ആരോഗ്യ പ്രവര്‍ത്തകന്‍, ആരോഗ്യ സേന പ്രവര്‍ത്തകന്‍, എസ്‌സി, എസ്ടി പ്രമോട്ടര്‍, ആശാ വര്‍ക്കര്‍, സ്ഥലത്ത് താമസമുള്ള സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണം.
പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപനത്തിലെ പ്രതിപക്ഷ ജനപ്രതിനിധി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, എംഎല്‍എ അല്ലെങ്കില്‍ എംഎല്‍എയുടെ പ്രതിനിധി, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി, പിഎച്ച്‌സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹിക സന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്‌സ് യൂണിയന്റെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയും രൂപീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

date