Skip to main content

തിരികെയെത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവുമായി നൂല്‍പ്പുഴയുടെ നല്ല മനസ്സ്

കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജന്മനാട്ടിലേക്ക് പ്രവേശിക്കാന്‍ മുത്തങ്ങ അതിര്‍ത്തി ചെക്‌പോസ്റ്റിലെത്തുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്. തിരിച്ചെത്തുന്നവരുടെ എണ്ണക്കൂടുതല്‍ കാരണം ദീര്‍ഘനേരം ക്യൂവില്‍ കഴിയുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുകയാണ് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്  ആശുപത്രിവികസന സമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘം. പകലന്തിയോളം കാത്തു നില്‍ക്കുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടി.
  കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലൂര്‍ സ്‌കൂളില്‍ ഏപ്രില്‍ ഒന്നാം തീയതിയാണ്  സാമൂഹിക അടുക്കള ആരംഭിച്ചത്.  നിലവില്‍ 14,052 പേര്‍ക്ക് ഭക്ഷണം നല്‍കി. തികച്ചും സൗജന്യമായാണ് ഭക്ഷണ വിതരണം. പൊതുജനങ്ങള്‍ നല്‍കിയ ഉത്പന്നങ്ങളാണ് അടുക്കളയില്‍ ഉപയോഗിച്ചത്. 3,84,000 രൂപയുടെ സാധനങ്ങള്‍ കലവറയില്‍ ലഭിച്ചു. സാമുഹിക അടുക്കളയുടെ സുതാര്യമായ നടത്തിപ്പിന് പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ഒരു വാട്‌സാപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. വരവ്    ചെലവ് കണക്കുകള്‍ ഗ്രൂപ്പില്‍ അതാതു ദിവസം പ്രസിദ്ധീകരിക്കുകയും ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്യും. നാല് നേരമാണ് മെയ് മൂന്ന് വരെ ഭക്ഷണം നല്‍കിയത്. പത്താം തീയതി മുതല്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ക്കും യാത്രക്കാര്‍ക്കും സൗജന്യമായി മുഴുവന്‍ സമയവും ഭക്ഷണം നല്‍കുന്നുണ്ട്.
  നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍ രക്ഷാധികാരിയും സി. ഹുസൈന്‍ ചെയര്‍മാനും മനോജ് അമ്പാടി കണ്‍വീനറും, റോയി മാത്യു ട്രഷററും, ബിജു നമ്പിക്കൊല്ലി  ഡയറക്ടറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

date