Skip to main content

മഴക്കാല മുന്നൊരുക്കം തുടങ്ങി; അടിയന്തര ഇടപെടലുകള്‍ക്ക് വില്ലേജ്തല സമിതിയെ ശക്തിപ്പെടുത്തും

     മുന്‍ വര്‍ഷങ്ങളില്‍ ജില്ല നേരിട്ട പ്രളയാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മഴക്കാല കെടുതികള്‍ നേരിടാന്‍ വില്ലേജ് തലങ്ങളില്‍ രൂപീകരിക്കപ്പെട്ട സമിതികളെ ശക്തിപ്പെടുത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്ക നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രാദേശികമായുണ്ടാകുന്ന ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സഹായകരമാകുന്ന തരത്തിലുളള ആളുകളെ ഉള്‍പ്പെടുത്തിയാണ് സമിതികള്‍ പുനസംഘടിപ്പിക്കുക. സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സംബന്ധിച്ച അടിസ്ഥാന വിവരശേഖരണം നടത്തി പ്രത്യേകം കര്‍മ്മപദ്ധതികളും തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെയും സേവന സന്നദ്ധരായ പ്രവര്‍ത്തകരുടെയും ലഭ്യത സംബന്ധിച്ചും  ബദല്‍മാര്‍ഗങ്ങള്‍, സുരക്ഷിത കേന്ദ്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങളും  സമിതി ശേഖരിക്കും.
  തുടര്‍ച്ചയായി അതിതീവ്ര മഴ പെയ്താല്‍ ജില്ലയിലെ ചിലയിടങ്ങളില്‍ അപകട ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്  യോഗം വിലയിരുത്തി. ഇത്തരം പ്രദേശങ്ങളിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ട ഇടങ്ങളിലും ജാഗ്രത പുലര്‍ത്തും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് തദ്ദേശവാസികളെ മാറ്റിതാമസിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഒരുക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ബോട്ട്, വഞ്ചി, മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുളള ഉപകരണങ്ങള്‍ മുതലായവയും സജ്ജമാക്കും.  ഓരോ പ്രദേശത്തും പെയ്യുന്ന മഴയുടെ കൃത്യമായ അളവ് ശേഖരിക്കുന്നതിന് സ്വകാര്യകേന്ദ്രങ്ങളുടെ മഴമാപിനികളുടെ സഹായവും തേടും.
     കോവിഡ് ഭീഷണിയുളളതിനാല്‍ ക്യാമ്പ് നടത്തിപ്പിലടക്കം അധിക സംവിധാനമൊരുക്കേണ്ടതുണ്ട്. ക്യാമ്പുകളായി ഉപയോഗിക്കാന്‍ പറ്റുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ അറ്റകുറ്റ പണികള്‍ നടത്തി സജ്ജമാക്കാന്‍ പൊതുമരാമത്ത് കെട്ടിട വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ബാണാസുര സാഗര്‍, കാരാപ്പുഴ ഡാമുകളുടെ നടത്തിപ്പ് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ അധികൃതര്‍ വിശദീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
   പൊതുസ്ഥലങ്ങളില്‍ അപകടകരമായ വിധത്തില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിന് വനം വകുപ്പ്, ദേശീയപാത, പൊതുമരാമത്ത് വകുപ്പുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ഭൂമിയിലുളള അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങളും ശിഖരങ്ങളും അവയുടെ ഉടമസ്ഥര്‍ നീക്കം ചെയ്യണം. സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നീക്കം ചെയ്യാത്തതുമൂലമുളള നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്വം അവയുടെ ഉടമകള്‍ക്കായിരിക്കും. പാതയോരങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന ട്രാന്‍സ്ഫോര്‍മറുകളും ഇലക്ട്രിക്ക് പോസ്റ്റുകളും പുന:സ്ഥാപിക്കും. റോഡുകളിലെ കുഴികള്‍ അടക്കും. വെളളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ഓടകള്‍ വൃത്തിയാക്കാനും തോടുകളിലെ നീരൊഴുക്കിനുളള തടസ്സങ്ങള്‍ നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
      യോഗത്തില്‍ എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.മുഹമ്മദ് യൂസഫ്, കെ അജീഷ്, സി.എം വിജയലക്ഷമി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
   

date