Skip to main content

കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ 13ന് ഡല്‍ഹിയില്‍ നിന്ന്;  15ന് തിരുവനന്തപുരം-ഡല്‍ഹി പുറപ്പെടും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് മേയ് 12 മുതല്‍ പുനരാരംഭിക്കും. ഈ മാസം 13ന് ആദ്യ ട്രെയിന്‍ ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്ക് പുറപ്പെടും. 13ന് ന്യൂഡല്‍ഹിയില്‍ നിന്നും കൊങ്കണ്‍ റെയില്‍പാത വഴി തിരുവനന്തപുരത്തേക്കുള്ള  ആദ്യ ട്രെയിന്‍ സര്‍വീസിന് കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. 15ന് തിരുവനന്തപുരത്തു നിന്നും ന്യൂഡല്‍ഹിയിലേക്ക് ട്രെയിന്‍ സര്‍വീസ് പുറപ്പെടും. 

ഇന്ത്യന്‍ റെയില്‍വേ പുതിയ റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക സേവനങ്ങള്‍ ആരംഭിക്കും. കോവിഡ് 19 കെയര്‍ സെന്ററിനായി 20,000 കോച്ചുകള്‍ റിസര്‍വ് ചെയ്തതിനുശേഷം ലഭ്യമായ കോച്ചുകളുടെ അടിസ്ഥാനത്തില്‍ 300 ട്രെയിനുകള്‍ വരെ ദിവസവും ഓടിക്കും. ആവശ്യമായത്ര ശ്രമിക് സ്‌പെഷല്‍ ട്രെയിനുകളാണ് ഇതര സംസ്ഥാനത്ത് കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാനായി ഉപയോഗിക്കുക. ഈ ട്രെയിനുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനുള്ള ബുക്കിംഗ് തിങ്കള്‍(മേയ് 11) വൈകിട്ട് നാലിന് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (http;//www.irctc.co.in) മാത്രമേ ലഭ്യമാകൂ. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ അടച്ചിടും. കൗണ്ടറുകളില്‍ പ്ലാറ്റഫോം ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ നല്‍കില്ല. സാധുവായ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. യാത്രക്കാര്‍ മുഖാവരണം ധരിക്കേണ്ടതും പുറപ്പെടുമ്പോള്‍ സ്‌ക്രീനിംഗ് നടത്തേണ്ടതും നിര്‍ബന്ധമാണ്. കൂടാതെ രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവാദമുള്ളൂ. ട്രെയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പ്രത്യേകം നല്‍കും.      

date