Skip to main content

ജില്ലാ പഞ്ചായത്ത് 100 ലൈബ്രറികള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ നല്‍കി

 

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പെടുത്തി ജില്ലയിലെ 100 ഗ്രന്ഥശാലകള്‍ക്ക് 15,000 രൂപ വീതം വിലയുള്ള ബാലസാഹിത്യ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. കോവിഡ് 19 സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ യോഗത്തില്‍ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള ഗ്രന്ഥശാലകള്‍ക്കാണ് ബാലസാഹിത്യ പുസ്തകങ്ങള്‍ വിതരണം ചെയ്തത്. 82 ലൈബ്രറികള്‍ക്കും 18 ബാലവിഹാരങ്ങള്‍ക്കുമാണ് പുസ്തകം നല്‍കിയത്. ലൈബ്രറികളില്‍ കുട്ടികള്‍ക്കായി ബാലവേദി കോര്‍ണര്‍ തയ്യാറാക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ 500 ലൈബ്രറികള്‍ക്കാണ് പുസ്തക വിതരണം നടത്തിയത്. കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും തിരിച്ചറിവുകള്‍ ഉണ്ടാക്കുന്നതിനും വായന ഒരു ശീലമാക്കി മാറ്റുന്നതിനും ആവശ്യമായ തരത്തിലുള്ള ബാലസാഹിത്യ പുസ്തകങ്ങളാണ് ശേഖരിച്ച് നല്‍കിയത്. കേരള ബുക്ക്മാര്‍ക്ക് മുഖാന്തിരമാണ് പുസ്തകങ്ങളുടെ ശേഖരണം നടത്തിയത്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. കാസിം, പാലക്കാട് താലൂക്ക് സെക്രട്ടറി വി. രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സൂപ്രണ്ട് നാസര്‍ എന്നിവര്‍ സംസാരിച്ചു.

date