Skip to main content

പാടത്തും ചെളിവെള്ളത്തിലുമിറങ്ങുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്ന് കഴിക്കണം

 

ആലപ്പുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത്  പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മീൻ പിടിക്കുന്നതിനായി പാടത്തും കുളത്തിലുമുള്ള ചെളിവെള്ളത്തിൽ ഇറങ്ങുന്നതും മുറിവുള്ളപ്പോൾ മലിനജലവുമായി സമ്പർക്കം ഉണ്ടകുന്നതും എലിപ്പനിക്ക് കാരണമാകും. അതിനാൽ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധമരുന്ന് കഴിക്കുകയും മലിന ജലവുമായി സമ്പർക്കമുണ്ടായാൽ സോപ്പുപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും ചെയ്യണം.
 കുട്ടികളെ മീൻപിടിക്കുന്നതിനായി മലിനജലത്തിൽ ഇറങ്ങാൻ അനുവദിക്കരുത്.സ്ഥിരമായി പാടത്തും പറമ്പിലും പണിയെടുക്കുന്നവർ ഓടകളും കുളങ്ങളും കിണറുകളും കനാലുകളും മറ്റും വൃത്തിയാക്കുന്നവർ, പുല്ല് ചെത്തുന്നവർ തുടങ്ങിയവർ ആഴ്ചയിലൊരിക്കൽ സർക്കാർ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ ഗുളിക കഴിക്കണം.മലിനജലത്തിൽ കുളിയ്ക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.

 മലിനജലവുമായി സമ്പർക്കമുണ്ടായതിനുശേഷം പനി, പനിയോടു കൂടിയോ അല്ലാതെയോ ശരീരം വേദന, തലവേദന കണ്ണിന് ചുമപ്പ്, മൂത്രത്തിനു മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻതന്നെ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സേവനം തേടണം. മലിനജലവുമായി സമ്പർക്കമുണ്ടായ വിവരം ഡോക്ടറോട് നിർബന്ധമായും പറയണം.എലിപ്പനിക്കുള്ള ചികിത്സയും പ്രതിരോധഗുളികകയും എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.പനി വന്നാൽ സ്വയം ചികിത്സ പാടില്ല.ഏത് പനിയും എലിപ്പനിയാകാം. പ്രതിരോധമാർഗ്ഗങ്ങൾ കർശനമായി പാലിച്ചാൽ എലിപ്പനി തടയാം. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്.ആരംഭത്തിലെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി മൂലമുള്ള മരണവും ഒഴിവാക്കാം.

date