ജാഗ്രത വേണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ
കോവിഡ് -19 പ്രതിരോധം തുടരുന്നതിനൊപ്പം ജില്ലയില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു. ഇതിനോടകം ചില കേന്ദ്രങ്ങളില്‍ രണ്ടു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ കൊതുകുകള്‍ പെരുകുന്നത് ഒഴിവാക്കിയില്ലെങ്കില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്തി സൂക്ഷിക്കണം.
ലോക് ഡൗണില്‍ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഉറവിട നശീകരണം നടത്തണം. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്‍റെ ഭാഗമായി നേരത്തെ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും സ്ഥാപിച്ചിട്ടുള്ള കാനുകളിലും പാത്രങ്ങളിലും മലിന ജലം കെട്ടി നിന്ന് കൊതുകു പെരുകാന്‍ സാധ്യതയുണ്ട്.
മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും മലിന ജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പനിയുള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടണം. എലിപ്പനി ബാധിച്ചവര്‍ക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം സംഭവിച്ചേക്കാം-ഡി.എം.ഒ പറഞ്ഞു.
- Log in to post comments