Skip to main content

ലോക് ഡൗണ്‍:  നിബന്ധനകള്‍ക്ക് വിധേയമായി മത്സ്യബന്ധനത്തിന് അനുമതി മത്സ്യബന്ധനത്തിന് 24 മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യണം

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യന്ത്രവത്കൃത യാനങ്ങള്‍ക്ക്  നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധനത്തിന്  അനുമതി. എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ്  തീരുമാനം. മത്സ്യബന്ധനത്തിന്   കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ 24 മണിക്കൂറിന് മുമ്പ് മുന്‍കൂറായി ഹാര്‍ബറിനോടനുബന്ധിച്ച് സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും ടോക്കണ്‍ എടുക്കേണ്ടതാണ്.  യാനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, യാനത്തില്‍ പോകുന്ന ആള്‍ക്കാരുടെ പേര്, ഐഡി/ ആധാര്‍ നമ്പര്‍, യാത്രാ കാലയളവ് എന്നീ വിവരങ്ങള്‍ നിരീക്ഷണ  ബൂത്തില്‍ നല്‍കണം. ഇവിടെ നിന്നും ലഭിക്കുന്ന ടോക്കന്റെ അടിസ്ഥാനത്തിലായിരിക്കും മത്സബന്ധനത്തിനുള്ള അനുമതി ലഭിക്കുക. 25 എച്ച് പിയോ അതില്‍ താഴെയോ കുതിര ശക്തിയുള്ള ഒബിഎം എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത യാനങ്ങള്‍ക്കും 32 അടിയോ അതില്‍ താഴെയോ ഒഎഎല്‍ ഉള്ള പരമാവധി അഞ്ച് പേര്‍ ജോലി ചെയ്യുന്ന യാനങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന ബോട്ടുകള്‍ അതാത് ദിവസം തന്നെ തിരിച്ചെണമെന്നും നിര്‍ദേശമുണ്ട്. പുലര്‍ച്ചെ നാലുമണി മുതല്‍ വൈകിട്ട് നാലുമണി  വരെയാണ് മത്സ്യബന്ധനത്തിന് അനുവദിച്ചിരിക്കുന്ന സമയം. രാത്രി കാലങ്ങളിലുള്ള മത്സ്യബന്ധനത്തിന് അനുമതിയില്ല. മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിലവില്‍ അതാത് ജില്ലകളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ആയിരിക്കണം. ഇവര്‍ ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ പോകുവാന്‍ പാടില്ല. ഇക്കാര്യം ബോട്ടുടമകള്‍ ഉറപ്പാക്കണം. ഹാര്‍ബറില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നതിനും നിര്‍ദേശമുണ്ട്.

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുവേണം  മത്സ്യബന്ധനം  നടത്താനെന്നും ലേലം ഒഴിവാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന വിലപ്രകാരമാണ് മീന്‍ വില്‍ക്കേണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ജില്ലയിലെത്തുന്നുണ്ടെന്ന പരാതിയും യോഗം ചര്‍ച്ച ചെയ്തു. ഇതേതുടര്‍ന്ന്  ഭക്ഷ്യ സുരക്ഷാ  വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ശക്തമാക്കാനും കര്‍ശന  നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ മത്സ്യബന്ധനം  സുഗമമായി നടപ്പിലാക്കുന്നതിനുള്ള ചുമതല  ജില്ലാ കലക്ടര്‍ ചെയര്‍മാനും  ഫിഷറീസ് ജില്ലാ ഓഫീസര്‍ സെക്രട്ടറിയുമായ  അതാത് സ്ഥലങ്ങളിലെ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ക്കാണ്. എല്ലാ  ഹാര്‍ബറുകളിലും  മത്സ്യം കരയ്ക്കടുപ്പിക്കുന്ന കേന്ദ്രങ്ങളിലും സ്ഥാപിച്ച നിരീക്ഷണ  ബൂത്തുകളില്‍ നോഡല്‍ ഓഫീസര്‍മാരെ  നിയമിക്കും.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ നിരീക്ഷണ ബൂത്തില്‍ നോഡല്‍ ഓഫീസര്‍മാരുടെ പേരും ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കുകയും മത്സ്യബന്ധനത്തിന്  അനുമതി നല്‍കിയിട്ടുള്ള യാന ഉടമകള്‍ക്ക് ഇത് ലഭ്യമാക്കുകയും ചെയ്യും.

 

date