Skip to main content

ലോക് ഡൗണ്‍ കാലത്ത് ബിരിയാണിയൊരുക്കി കമ്മ്യൂണിറ്റി കിച്ചണ്‍

ഈ ലോക് ഡൗണ്‍  കാലത്ത് ഇഷ്ട ഭക്ഷണങ്ങളില്‍ ചിലതൊക്കെ ഒഴിവാക്കാന്‍  പലരും ശീലിച്ചിട്ടുണ്ടാകും. ചക്കയും മാങ്ങയും ഇലക്കറികളുമൊക്കെയായി പഴയ കാല രുചികള്‍ തേടുകയാണ് ചിലര്‍. എങ്കിലും ഒരു ബിരിയാണി എങ്കിലും കഴിക്കാന്‍ കിട്ടിയെങ്കില്‍ എന്ന് ഉള്ളില്‍ കൊതിച്ചവരുമുണ്ടാകും. ഈ അവസരത്തില്‍ പായം പഞ്ചായത്ത് നിവാസികള്‍ക്ക് ബിരിയാണിയുമായി എത്തിയത് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ബിരിയാണി വിതരണം ചെയ്തത്. സാധാരണ കമ്മ്യൂണിറ്റി കിച്ചണില്‍ നല്‍കുന്ന സൗജന്യ ഭക്ഷണ വിതരണത്തിന് പുറമെയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍  കുന്നോത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് വ്യാഴാഴ്ച ബിരിയാണി ഉണ്ടാക്കിയത്. പദ്ധതി തയ്യാറാക്കുമ്പോള്‍ 2000 ഓര്‍ഡറായിരുന്നു അധികൃതര്‍ കണക്ക് കൂട്ടിയത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ലഭിച്ചത് 4100ലധികം ഓര്‍ഡറുകളാണ്. 100 രൂപയാണ് ഒരു ബിരിയാണിയുടെ വില. ഇതില്‍  80 രൂപയോളം ചെലവുണ്ട്.  ചെലവ് കഴിച്ച് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്നും പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍ പറഞ്ഞു.
വാഴയിലയിലാണ് ബിരിയാണി പായ്ക്ക് ചെയ്യുന്നത്. ഇതിനായി നാലായിരത്തിലധികം ഇലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ ലഭ്യമാക്കിയിരുന്നു. പാചകത്തിനും പാക്കിങ്ങിനുമായി ഇരുപത്തി രണ്ടോളം വളണ്ടിയര്‍മാരാണ് ഇവിടെ ഉള്ളത്. വിതരണത്തിനായി വാര്‍ഡ് തലത്തില്‍ പത്തോളം വളണ്ടിയര്‍മാരുമുണ്ട്. റമദാന്‍ മാസമായതിനാല്‍ നോമ്പനുഷ്ഠിക്കുന്നവരുടെ വീടുകളില്‍  വൈകുന്നേരം ആറ് മണിയോടെ ബിരിയാണി എത്തിക്കാനാണ് തീരുമാനം.
മാര്‍ച്ച് 26ന് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ ദിവസവും ശരാശരി 160 ഓളം ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 7000ത്തിലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. നാല്‍പ്പത്തി മൂന്നാം ദിവസവും വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതിന് കുടുംബശ്രീയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായവുമുണ്ട്.

date