സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം: റേഷന്‍ കടകള്‍ വഴിയുള്ള വിതരണം മെയ് 20 വരെ -മന്ത്രി പി. തിലോത്തമന്‍
ആലപ്പുഴ: സര്‍ക്കാര്‍ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ റേഷന്‍ കടകള്‍ വഴിയുള്ള വിതരണം മെയ് 20വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ചേര്‍ത്തലയില്‍ കഞ്ഞിക്കുഴിയില്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. നിലവില്‍ സൗജന്യ കിറ്റ് വിതരണം സുഗമമായി പുരോഗമിക്കുകയാണ്. എ.എ.വൈ, പി.എച്ച്.എച്ച്.(മഞ്ഞ,പിങ്ക്)കാര്‍ഡുടമകളുടെ കിറ്റ് വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുന്‍ഗണനേതര വിഭാഗം സബ്സിഡി കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലയില്‍ മെയ് എട്ടുമുതല്‍ ആരംഭിച്ചു. ഇതും പൂര്‍ത്തീകരണത്തോടടുക്കുകയാണ്. നാലാം ഘട്ടത്തിലെ വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവര്‍ക്കുള്ള സൗജന്യകിറ്റുുകള്‍ വെള്ളിയാഴ്ച മുതലാണ് വിതരണം തുടങ്ങിയത്. വെള്ളകാര്‍ഡുകാര്‍ക്കും ഇതുവരെ കിറ്റ് വാങ്ങാന്‍ കഴിയാത്ത നീലകാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് മെയ് 20വരെ റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. അര്‍ഹതയുള്ള വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് സപ്ലൈകോ ഒൗട്ട് ലെറ്റുകള്‍ വഴി കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ കിറ്റ് ലഭ്യമാക്കും.
കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹരായവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ എല്ലാവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യകിറ്റും നല്‍കുമെന്ന് അറിയിച്ചു. ഇതുപ്രകാരം 87.28 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തുു. മുന്‍ഗണനേതര പട്ടികയിലെ ആളുകള്‍ക്ക് ഭക്ഷ്യ ധാന്യം കുറവാണെന്ന് ബോധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ 15 കിലോഗ്രാം അരി സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് വാങ്ങി സൗജന്യ വിലയ്ക്ക് നല്‍കി. കേരളത്തില്‍ കുടുംബമായി താമസിക്കുന്ന ഏതൊരാള്‍ക്കും ഭക്ഷ്യ ധാന്യവും കിറ്റും നല്‍കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. റേഷന്‍ കാര്‍ഡ് ഇല്ലാത്ത അനാഥ മന്ദിരത്തിലുള്ളവര്‍, അഗതി മന്ദിരത്തിലുള്ളവര്‍, വൃദ്ധ സദനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കും സൗജന്യകിറ്റ് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. കന്യാസ്ത്രി മഠങ്ങളില്‍ നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുന്നത്. ഇതിന് മഠത്തിലുള്ളവര്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരെയാണ് സമീപിക്കേണ്ടത്.
പുതിയ സംവിധാനത്തില്‍ മെയ് 16 വരെ വെള്ളക്കാര്‍ഡ് ലഭിച്ചവര്‍ക്ക് ആനുകൂല്യം
കുറച്ചുപേര്‍ക്ക് വെള്ളകാര്‍ഡ് അടിയന്തിരമായി കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതിനെത്തുടര്‍ന്ന് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വെള്ള കാര്‍ഡ് കൊടുക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുന്ന പലര്‍ക്കും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട് എന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സത്യവാങ്മൂലം എന്നിവ നല്‍കിയാല്‍ റേഷന്‍ കാര്‍ഡ് നല്‍കാനും തീരുമാനമെടുത്തു. നിരവധി പേര്‍ ഇത്തരത്തില്‍ റേഷന്‍കാര്‍ഡ് കരസ്ഥമാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്നാല്‍ ഇവരുടെ കാര്‍ഡുകള്‍ റേഷന്‍ മാനേജ് മെന്‍റ് സിസ്റ്റത്തില്‍ ആക്ടിവേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. ഇതിന് നിശ്ചിത ഇടവേള ആവശ്യമാണ്. നിലവില്‍ 16ാം തിയതി വരെ നല്‍കിയ പുതിയ കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 16ാം തിയതിവരെ കാര്‍ഡ് ലഭിച്ചവര്‍ക്ക് സിസ്റ്റം വഴി തന്നെ കിറ്റ് നല്‍കുമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. അര്‍ഹതയുള്ള ഒരു കുടുംബത്തെയും ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കാതിരിക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇത്രയും നടപടികളെടുത്തതെന്ന് മന്ത്രി പറഞ്ഞു.
- Log in to post comments