ഡല്‍ഹിയില്‍ നിന്നുള്ള ആദ്യട്രെയിനില്‍ കോഴിക്കോട്ടെത്തിയത് 286 പേര്‍
ഡല്‍ഹിയില്‍ നിന്ന് മലയാളികളുമായി കേരളത്തിലേക്കുള്ള ആദ്യത്തെ സ്‌പെഷ്യല്‍ രാജധാനി ട്രെയിന്‍ ഇന്നലെ (വ്യാഴാഴ്ച) രാത്രി 10 നാണ് കോഴിക്കോട്ടെത്തിയത്. ചൊവ്വാഴ്ച പകല്‍ 12.20ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട 02432 നമ്പര്‍ നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്പ്രസിന്റെ കേരളത്തിലെ ആദ്യ സ്‌റ്റോപ്പായിരുന്നു കോഴിക്കോട്.
വിവിധ ജില്ലകളിലെ 286 യാത്രക്കാരാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. കോഴിക്കോട് 67, കണ്ണൂര്‍ 72, കാസറഗോഡ് 23, മലപ്പുറം 56, വയനാട് 24, പാലക്കാട് 43, തൃശൂര്‍ 1 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ആരോഗ്യപരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഏഴ് പേരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു.
യാത്രക്കാരെ സ്വീകരിക്കാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വിപുലമായ ക്രമീകരണങ്ങളും കനത്ത സുരക്ഷാ സംവിധാനങ്ങളുമാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് പുറത്തേക്കിറങ്ങാന്‍ രണ്ടു വഴികളാണ് സജ്ജീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്‌റ്റേഷനില്‍ പത്ത് കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഹൗസ് സര്‍ജന്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, വളണ്ടിയര്‍ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന സംഘമാണ് യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സുരക്ഷാ സംവിധാനങ്ങളും അനുവദിച്ചിരുന്നു.
രോഗലക്ഷണമുള്ളവരെ വിദഗ്ധ ആരോഗ്യസംഘം പരിശോധിച്ച ശേഷമാണ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് അയച്ചത്. 10 ആംബുലന്‍സുകളാണ് ആശുപത്രിയിലേക്കായി ക്രമീകരിച്ചത്. കൂടാതെ യാത്രക്കാരെ അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കാന്‍ 15 കെ.എസ്.ആര്‍.ടി.സി ബസുകളും സജ്ജമാക്കിയിരുന്നു.
- Log in to post comments