Skip to main content

ഓൺലൈൻ ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു

പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 21 ശരിയുത്തരം നൽകി പാലക്കാട് സ്വദേശിനി നീമ.വി ഒന്നാംസ്ഥാനവും 20 ശരിയുത്തരം നൽകിയ പത്തനംതിട്ട സ്വദേശി ഷിന്റോ മാത്യു എബ്രഹാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ച രണ്ടു പേരെയും മന്ത്രി എ കെ ബാലൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ലോക്ക്ഡൗൺ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും അറിവ് നൽകുന്ന ക്വിസ് മത്സര പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർ മന്ത്രിയുടെ ഫേസ്ബുക്ക് പേജ് വഴി ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് ആണ് ഇന്ത്യൻ രാഷ്ട്രീയവും ഭരണഘടനയും എന്ന വിഷയത്തിൽ ഓൺലൈൻ ക്വിസ് മത്സരം  സംഘടിപ്പിച്ചത്. ആകെ 8611 പേരാണ് മത്സരിച്ചത്. അതിൽ ഉയർന്ന മാർക്ക് നേടിയ 322 പേരിൽ നിന്ന് ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ആകെ 20 പേരെ ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. ഓരോ ദിവസത്തെയും വിജയികളായ 20 പേർക്കും ഭരണഘടനയുടെ ഇംഗ്ലീഷ് മലയാളം പതിപ്പും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. മെയ് ഒന്നിന്് ആരംഭിച്ച മത്സരം 15 നാണ് അവസാനിച്ചത്.
  ഫൈനൽ മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായ 7000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും, രണ്ടാം സമ്മാനമായ 5000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലോക്ക്ഡൗണിന് ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് കൈമാറും.
പി.എൻ.എക്സ്.1811/2020
 

date