നിരീക്ഷണ കേന്ദ്രങ്ങളില്‍ 445 പേര്‍
ജില്ലയിലെ 33 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലായി പൊതുസമ്പര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയുന്നത് 445 പേര്‍. ഇതില്‍ 320 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 125 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്‍ററിലാണ് ഏറ്റവുമധികം ആളുകള്‍ താമസിക്കുന്നത്. ഇവിടെയുള്ള 58 പേരില്‍ വിദേശത്തുനിന്നുള്ള 35പേരും മറ്റു സംസംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേരും ഉള്‍പ്പെടുന്നു. കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്‍റര്‍, ചൂണ്ടച്ചേരി സെന്‍റ് അല്‍ഫോന്‍സ ഹോസ്റ്റല്‍, തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ എന്നിവയാണ് താമസക്കാര്‍ കൂടുതലുള്ള മറ്റു കേന്ദ്രങ്ങള്‍
കോട്ടയം-12, ചങ്ങനാശേരി-അഞ്ച്, മീനച്ചില്‍-നാല്, വൈക്കം-അഞ്ച്, കാഞ്ഞിരപ്പള്ളി-ഏഴ് എന്നിങ്ങനെയാണ് ക്വാറന്‍റയിന്‍ കേന്ദ്രങ്ങളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ വീടുകളില്‍ ക്വാറന്‍റയിനില്‍ കഴിയണമെന്ന് നിര്‍ദേശമുള്ളതിനാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവരെ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്.
വിദേശത്തുനിന്നും മെയ് ഏഴു മുതല്‍ 16 വരെ 17 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായി 283 പേരാണ് ജില്ലയിലെത്തിയത്. ഇതില്‍ 91 പേര്‍ ഗര്‍ഭിണികളാണ്. ഇവരും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ 144 പേര്‍ ഹോം ക്വാറന്‍റയിനിലാണ്. ബാക്കിയുള്ള 139 പേരില്‍ 14 പേര്‍ പ്രസവവുമായി ബന്ധപ്പെട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ആശുപത്രികളില്‍ കഴിയുന്നു.
- Log in to post comments