Skip to main content

കാലവര്‍ഷ ദുരന്തനിവാരണം; മുന്നൊരുക്കങ്ങള്‍ തുടങ്ങി

കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. കോവിഡ്-19 നെതിരായ പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള  നടപടികളാണ് സ്വീകരിക്കേണ്ടതെന്ന്  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി.

ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തും. മുന്‍പ് പ്രളയം കൂടുതലായി ബാധിച്ച മേഖലകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമീപ സ്ഥലങ്ങളില്‍തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തും. പ്രായമായവര്‍ക്കും കോവിഡ് ക്വാറന്‍റയിനിലുള്ളവര്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ ക്രമീകരിക്കും. സ്കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയാകും കൂടുതലായി ഉപയോഗിക്കുക.

മെയ് 31നു മുന്‍പ് ജില്ലയിലെ മുഴുവന്‍ തോടുകളിലെയും ആറുകളിലെയും തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ ജലസേചന വകുപ്പിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലുങ്കുകള്‍ക്കിടയിലെയും കള്‍വര്‍ട്ടുകളിലെയും മാലിന്യ നീക്കത്തിന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ  ചുമതലപ്പെടുത്തി. മുന്‍വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ച പഞ്ചായത്തുകളില്‍ ദുരന്ത നിവാരണ യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, എ.ഡി.എം  അനില്‍ ഉമ്മൻ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date