Skip to main content

പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 1,51,000 മാസ്‌കുകള്‍ തയ്യാര്‍  കോവിഡ് - 19 പാലിച്ചാകും പരീക്ഷ നടത്തുക

 

ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 1,51,000 മാസ്‌കുകള്‍ തയ്യാറായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലാ സമിതി യോഗത്തില്‍  അറിയിച്ചു. എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) 76000, വി.എച്ച്.എസ്.ഇ വിഭാഗം 10000, ബി.ആര്‍.സി 65000 എന്നിങ്ങനെയാണ് മാസ്‌കുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

നിലവില്‍ എന്‍.എസ്.എസ് യൂണിറ്റുകളുള്ള സ്‌കൂളുകളില്‍ തയ്യാറാക്കിയിട്ടുള്ള മാസ്‌ക്കുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം നടത്തിയ ശേഷം ബാക്കിയുള്ളവ് ബി.ആര്‍.സി.കളില്‍ മെയ് 19നകം എത്തിക്കണം. ഓരോ സ്‌കൂളുകളും പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ആവശ്യമായ മാസ്‌കുകള്‍ മെയ് 20നകം ബി.ആര്‍.സികളില്‍ നിന്നും ശേഖരിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യും.

ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക. കൈകഴുകല്‍, സാനിറ്റൈസറിംഗ്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ക്ലാസ് മുറികള്‍, സ്‌കൂള്‍ പരിസരം, ഓഫീസ്, ടോയ്ലറ്റ്, കൈ കഴുകുന്ന സ്ഥലം തുടങ്ങിയവ പരീക്ഷയ്ക്ക് മുന്നോടിയായി അണുവിമുക്തമാക്കണം. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും ജില്ലാ സമിതി യോഗത്തില്‍ തീരുമാനമായി.

date