അട്ടപ്പാടിയില്‍ മഹിളാ കാര്‍ഷിക സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി മഹിളാ കര്‍ഷകരുടെ കേരളത്തിലെ ആദ്യത്തെ മഹിളാ കര്‍ഷക സഹായ കേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, മാതൃക കൃഷി, തോട്ട നിര്‍മ്മാണം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി മഹിളാ കര്‍ഷകര്‍ക്ക് കൃഷി വിപുലപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് മഹിളാ കര്‍ഷക സഹായ കേന്ദ്രത്തില്‍ ലഭ്യമാക്കുക. അട്ടപ്പാടി ബ്ലോക്കില്‍ പാലൂര്‍, കൊളപ്പടി, മന്തിമല, ഗോഞ്ചിയൂര്‍, വയലൂര്‍, നക്കുപ്പതി ഊരുകളിലാണ് ആദ്യഘട്ടത്തില്‍ കര്‍ഷക സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. കാര്‍ഷിക ഉപകരണങ്ങളായ കൊത്ത്, വീല്‍ബാരോ, സ്‌പ്രേയര്‍, കാട് വെട്ടിയന്ത്രം, തുമ്പ, കുട്ട, ഹാന്‍ഡ് ഫോര്‍ക്ക് തുടങ്ങി കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക ഉപകരണങ്ങള്‍ റൈയ്ഡ്‌കോ മുഖാന്തിരം വിതരണം ചെയ്തു. കാര്‍ഷിക ഉപകരണങ്ങള്‍ക്കായി ഒരു ഊരിന് 75000 രൂപയാണ് നല്‍കിയത്. ഊരുസമിതികളില്‍ നിന്നും തെരഞ്ഞെടുത്ത പത്തംഗ കമ്മിറ്റിക്കാണ് കര്‍ഷക സഹായ കേന്ദ്രത്തിന്റെ ചുമതല. ഊര് സമിതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ജെ.എല്‍.ജി. (ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) കള്‍ക്ക് നിശ്ചിത വാടകക്കാണ് ഉപകരണങ്ങള്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ ക്യാമ്പയിനില്‍ പങ്കാളിയായിക്കൊണ്ട് വിപുലമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
- Log in to post comments