Skip to main content

വിമുക്തി യോഗം ചേര്‍ന്നു

വിദ്യാര്‍ഥികളെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശക്തമായ നടപടി വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി 
വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ എക്സൈസും പൊലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു. കലക്ട്രേറ്റില്‍ ചേര്‍ന്ന വിമുക്തിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രസിഡന്‍റ്. ലഹരി കടത്ത് സംഘങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമാണെന്നും പ്രസിഡന്‍റ് പറഞ്ഞു.      
വിമുക്തിയുടെ ഭാഗമായി സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സജീവമാക്കുകയും എന്‍ സി സി, എന്‍ എസ് എസ്, എസ് പി സി എന്നിവയുടെ ചുമതലയുള്ള അധ്യാപകരുമായി ചേര്‍ന്ന് വിദ്യാര്‍ഥികളില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുള്ളതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ മുഹമ്മദ് റഷീദ് യോഗത്തില്‍ അറിയിച്ചു. സ്കൂള്‍ പരിസരത്തും മറ്റു ലഹരി വില്പ്പന കേന്ദ്രങ്ങളെ സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനു ള്ള നടപടികളും സമഗ്ര ബോധവത്ക്കരണ പരിപാടികളും നടന്നുവരുന്നതായും അറിയിച്ചു. 
    ജില്ലയിലെ എല്ലാ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പ്രദര്‍ശന മേളകളിലും എക്സൈസ് വകുപ്പ് പ്രത്യേക സ്റ്റാള്‍ ഒരുക്കി ലഹരി വിരുദ്ധ ബോധവത്കരണം നടത്തി വരുന്നുണ്ട്. ജില്ലയില്‍ 2,22,000 വിമുക്തി സ്റ്റക്കറുകള്‍ കുടുംബശ്രീ മുഖേന വീടുകളില്‍ പതിപ്പിച്ചു. കൂടാതെ കെഎസ് ആര്‍ ടി സിയിലും സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ പഞ്ചായത്ത് തലത്തില്‍ 311 വാര്‍ഡ് തല കമ്മിറ്റികളും ബ്ലോക്ക് തലത്തില്‍ ആറ് വാര്‍ഡ്തല കമ്മിറ്റികളും മുനിസിപ്പല്‍ തലത്തില്‍ 15 വാര്‍ഡ് തല കമ്മിറ്റികളും രൂപീകരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. 
      യോഗത്തില്‍ എ ഡി എം കെ.ദിവാകരന്‍ നായര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം കെ ഗോപി, മല്ലപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ രാജശേഖരന്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞന്നാമ്മകുഞ്ഞ്, എം മുഹമ്മദ് സാലി, പി വി എബ്രഹാം വര്‍ഗീസ്, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, സോമന്‍ പാമ്പായിക്കോട്,തുടങ്ങിയവര്‍ പങ്കെടുത്തു. 
                                                        (പിഎന്‍പി 424/18)

date