Skip to main content

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക്; നടപടികള്‍ തുടര്‍ന്ന് പോലീസ്

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണനിയമം 51, 60 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കും. വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങള്‍ പാടില്ല, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഹോം ഡെലിവറി അനുവദിക്കും. തുറക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാക്കുവാനോ പാടില്ല.  ആരാധനാലയങ്ങളില്‍ പ്രവേശനമില്ല തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നതായി പോലീസ് ഉറപ്പുവരുത്തും. 

          ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടോ സ്ഥാപനമോ വിട്ടു പുറത്തിറങ്ങിയാല്‍ നിയമനടപടി എടുക്കുന്നത് തുടരും. ജനമൈത്രി പോലീസ് വീടുകളില്‍ കയറാതെ ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കുകയും ബൈക്ക് പട്രോളിങ് നടത്തുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടയിലും അല്ലാത്തപ്പോഴും നിര്‍ബന്ധമായും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. മഴക്കാലം കോവിഡ് രോഗാണുവിന് അനുകൂല സാഹചര്യമാണെന്നത് മനസിലാക്കി വ്യാപനത്തിനെതിരെ വീഴ്ചയില്ലാത്ത ജാഗ്രത തുടരണം. 

അനധികൃതമായ കടത്തും വ്യാജചാരായ നിര്‍മാണവും വലിയ തോതില്‍ നിയന്ത്രിക്കാന്‍ സാധിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം അടൂര്‍, പന്തളം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് അബ്കാരി  കേസുകളിലായി രണ്ടുപേരെ പിടികൂടി. അടൂര്‍ നെടുമണ്‍ താനാഥയ്യത്തു വീട്ടില്‍ പ്രദീപ് (37), പന്തളം തുമ്പമണ്‍ നാടുവിലേമുറിയില്‍ രവി (48)എന്നിവരാണ് അറസ്റ്റിലായത്. 

date