ഗവി മേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ല; കളക്ടര്‍ നേരിട്ട് വിലയിരുത്തി
ഗവി-മൂഴിയാര്‍ വനമേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ലെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ഗവി-മൂഴിയാര്‍ വന മേഖലയിലെ ആദിവാസി കുടിലുകളില്‍ പനി പടരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, അങ്കണവാടി എന്നിവിടങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. മൂഴിയാര്‍ വനമേഖലയിലെ ആദിവാസികളെയും കളക്ടര്‍ നേരില്‍ കണ്ടു. ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കേസ് ഷീറ്റ് പരിശോധിച്ചതില്‍ നിന്നും ഈ മാസം ഇതുവരെ പനി ബാധിച്ച് അഞ്ച് പേര്‍ മാത്രമേ കുത്തിവയ്പ് എടുത്തിട്ടുള്ളുവെന്ന് കളക്ടര്‍ കണ്ടെത്തി. ഒരു ദിവസം ശരാശരി രണ്ട്-മൂന്ന് പേര്‍ മാത്രമാണ് പനിക്ക് ചികിത്സ തേടി ഇവിടെ എത്തുന്നത്. സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ എല്ലാ വെള്ളിയാഴ്ചയും ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ നഴ്സിന്‍റെ സേവനം ഇവിടെ ലഭ്യമാണ്. ഗവിയില്‍ എത്തുന്ന ദിവസം തന്നെ മൂഴിയാര്‍ വനമേഖലയിലെ ആദിവാസികളെയും ഇതേ മെഡിക്കല്‍ ഓഫീസര്‍ സന്ദര്‍ശിച്ച് ആവശ്യമായ ചികിത്സയും മരുന്നും നല്‍കുന്നുണ്ട്. ഡോക്ടര്‍ കൃത്യമായി വരുന്നുണ്ടെന്നും മതിയായ ചികിത്സയും മരുന്നും ലഭിക്കുന്നുണ്ടെന്നും മൂഴിയാര്‍ വനമേഖലയിലെ ആദിവാസികള്‍ കളക്ടറോട് പറഞ്ഞു. ഗവിയിലെ അങ്കണവാടിയിലെ കുട്ടികളെയും ടീച്ചറെയും കളക്ടര്‍ സന്ദര്‍ശിച്ചു. കുട്ടികളില്‍ പനി ബാധിതര്‍ ഇല്ലെന്ന് ടീച്ചര്‍ അറിയിച്ചു.
(പിഎന്‍പി 430/18)
- Log in to post comments