Skip to main content

സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കാനൊരുങ്ങി മലപ്പുറം ജില്ല

 

കാര്‍ഷിക മേഖലയിലെ ഭക്ഷ്യ സ്വയം പര്യാപ്തയ്ക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗത്തിലാണ്തീരുമാനം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 880 ഹെക്ടറില്‍ തരിശു ഭൂമിയില്‍ കൃഷി ഇറക്കാന്‍ യോഗം തീരുമാനിച്ചു. നെല്‍കൃഷിക്ക് 40,000 ഹെക്ടര്‍, വാഴക്ക് 40,000 ഹെക്ടര്‍, പച്ചക്കറിക്ക് 40,000 ഹെക്ടര്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പയര്‍, ചെറുധാന്യങ്ങള്‍ എന്നിവയ്ക്ക് 30,000 ഹെക്ടര്‍ എന്ന തോതിലാണ് ധനസഹായം ലഭ്യമാക്കുക.  തരിശുഭൂമിയില്‍ കൃഷിചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടണം. 25 ശതമാനം യുവ കര്‍ഷകര്‍ പദ്ധതിയിലുള്‍പ്പെടുത്താനും ധാരണയായി. കൃഷിവകുപ്പിനൊപ്പം മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം,  സഹകരണം, ജലസേചനം,  പട്ടികവര്‍ഗ്ഗ വികസനം,  മത്സ്യബന്ധനം, വ്യവസായം തുടങ്ങിയ വകുപ്പുകളും എന്‍.ജി.ഒ, റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധരാഷ്ട്രീയ സാമൂഹിക സംഘടനകളും പദ്ധതിയുമായി സഹകരിക്കും. കോവിഡ് 19 ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ച് ചേര്‍ന്ന യോഗത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍  ഒ. പ്രസന്നന്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date