പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കണം: പി. മോഹന്‍ദാസ്
പോക്‌സോ നിയമത്തെക്കുറിച്ച് അവബോധം
വര്‍ധിപ്പിക്കുന്നതിന് മാധ്യമങ്ങള്‍ ശ്രമിക്കണം
കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിന്റെ പരിധിയിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. എറണാകുളം പ്രസ് ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോക്‌സോ കേസുകളില്‍ ദ്രുതഗതിയില്‍ നീതി ലഭ്യമാക്കുന്ന സംവിധാനമുണ്ടാകണം. പോക്‌സോ നിയമത്തെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നല്‍കണം. പോക്‌സോ കേസുമായി ബന്ധപ്പെട്ട് വിവര വിനിമയം കാര്യക്ഷമമാക്കണം. മറ്റു നിയമങ്ങളില്‍ നിന്നു വ്യത്യസ്തമായി പോക്‌സോ കേസുകളില്‍ പ്രതിയാണ് കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത്. പോലീസ് സ്‌റ്റേഷനുകളില്‍ ശിശു സൗഹൃദ സമീപനം സ്വീകരിക്കണം. രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം കുട്ടികളെ ചോദ്യം ചെയ്യേണ്ടത്. കുട്ടികള്‍ ലൈംഗികമായി അക്രമിക്കപ്പെടുന്ന കേസുകളില്‍ കുട്ടികളെ തിരിച്ചറിയുന്ന വിധത്തില്‍ വിശദാംശങ്ങള്‍ നല്‍കുന്നതില്‍ നിന്നു മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം. ഇത്തരം കേസുകളില്‍ സെന്‍സേഷണലിസം ഒഴിവാക്കി പോക്‌സോ നിയമത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ അവബോധവും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അടിസ്ഥാന അറിവും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. എല്ലാ നിയമങ്ങളും ഉരുത്തിരിയുന്നതിനു പിന്നില്‍ അതിന്റേതായ ചരിത്ര പശ്ചാത്തലമുണ്ട്. ലൈംഗികമായ പീഡനം, ചൂഷണം, ചൈല്‍ഡ് പോണോഗ്രാഫി എന്നിവയില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പോക്‌സോ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. പോക്‌സോ നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് നിയമത്തിന്റെ 43ാം വകുപ്പില്‍ തന്നെ പറയുന്നു എന്ന അപൂര്‍വ്വതയുമുണ്ട്. താത്കാലികമായി സുഖം നല്‍കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്ന ഒളിഞ്ഞുനോട്ട രീതി പലപ്പോഴും കാണാറുണ്ട്. അടിസ്ഥാനപ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. താത്കാലികമായി സുഖിപ്പിക്കുന്ന റിപ്പോര്‍ട്ടിംഗ് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികതയും നിയമവും തുലനം ചെയ്യുമ്പോള്‍ ധാര്‍മികത ആപേക്ഷികമാണെന്നും നിയമത്തിനാണ് പരമമായ സാധുതയെന്നും അദ്ദേഹം പറഞ്ഞു.
ഭവിഷ്യത്തുകള്‍ കൂടി കണക്കിലെടുത്ത് വേണം പോക്‌സോ അടക്കമുള്ള സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് പോക്‌സോ നിയമം- മാധ്യമ കാഴ്ചപ്പാട് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഭവിഷ്യത്തുകളെ ഭയക്കാതെ റിപ്പോര്‍ട്ടിംഗ് നടത്തുന്ന നിര്‍ഭയ പത്രപ്രവര്‍ത്തനമാണ് വേണ്ടത് എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ കുട്ടികള്‍ക്കെതിരായ പീഡനം പോലുള്ള വാര്‍ത്തകളില്‍ ഭവിഷ്യത്തുകള്‍ കൂടി കണക്കിലെടുത്ത് വേണം റിപ്പോര്‍ട്ടിംഗ്. പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചിലര്‍ക്ക് പ്രചോദനമാകുന്ന സ്ഥിതിവിശേഷവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നിട്ട് ആറു വര്‍ഷമായെങ്കിലും ഇതിനായി പ്രത്യേക കോടതി എറണാകുളത്ത് മാത്രമാണ് കൃത്യമായി പ്രവര്‍ത്തിക്കുന്നതെന്ന് നിയമം അവലോകനം ചെയ്ത് സംസാരിച്ച അഭിഭാഷക പാര്‍വതി സഞ്ജയ് പറഞ്ഞു. ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ബി സൈന വിശദീകരിച്ചു. ബാലാവകാശ സംരക്ഷണം വിഷയാക്കി ഡോ. എം.എന്‍. വെങ്കിടേശ്വരന്‍ നിര്‍മ്മിച്ച് സത്യന്‍ കോളങ്ങാട് സംവിധാനം ചെയ്ത അകം, ബ്ലൂമിങ് ബഡ്‌സ് എന്നീ ഷോര്‍ട്ട്ഫിലിമുകളും പ്രദര്‍ശിപ്പിച്ചു.
മാധ്യമ വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരും സെമിനാറില്‍ പങ്കെടുത്തു. പി.ആര്‍.ഡി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. രാധാകൃഷ്ണപിള്ള, പ്രസ് ക്ലബ്ബ് സെക്രട്ടറി സുഗതന്‍.പി.ബാലന്‍, പ്രസിഡണ്ട് ഡി ദിലീപ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി. സൈന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments