കൊവിഡ് അതിജീവന ഗാനവുമായി പഞ്ചായത്ത് വകുപ്പ്
ലോക്ക്ഡൗൺ കാലഘട്ടത്തിൽ അതിജീവനത്തിന്റെ ഗാനവുമായി പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ. കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമ്പോഴും സമൂഹത്തിനുവേണ്ടി ഒരുമയുടെ ഗാഥ രചിക്കുകയാണ് ഇവർ. കേരളത്തിലെ 14 ജില്ലകളിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന 19 ജീവനക്കാരാണ് സംഗീത ശിൽപ്പത്തിനുവേണ്ടി ഒത്തുചേർന്നത്. പരസ്പരം കാണാതെ വാട്ട്‌സ് ആപ്പ് വഴിയും, ഫോൺകോളുകൾ മുഖേനയും എല്ലാവരെയും ഒത്തൊരുമിപ്പിച്ചു എന്നതാണ് ഈ സംഗീത ശിൽപ്പത്തിന്റെ പ്രത്യേകത. കോവിഡ്-19 പ്രതിരോധ കാലത്ത് സംസ്ഥാനമൊട്ടാകെ സേവനം ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ജീവനക്കാർക്കായാണ് ആൽബം സമർപ്പിച്ചിട്ടുള്ളത്. നിരവധി സംഗീത ആൽബങ്ങളിലുടെ ശ്രദ്ധേയനായ പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ബിനോയ് റ്റി. സംഗീത സംവിധാനം നിർവഹിച്ച ഗാനം എഴുതിയത് കൊല്ലം പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ ക്ലാർക്ക് രഞ്ജിത്ത് ആർ. ആണ്. ഇടുക്കി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ ക്ലാർക്ക് അജി ജോസഫ് ജോർജാണ് ആൽബത്തിന്റെ ഏകോപനം നടത്തിയത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചന്റെ നടത്തിപ്പ്, ഐസോലേഷൻ സെന്ററുകൾ സജ്ജമാക്കൽ, ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണം തുടങ്ങിയ പ്രധാന ചുമതലകൾ നിർവഹിക്കുന്നത് പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരാണ്.
പഞ്ചായത്ത് ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ ജയശ്രീ ആൽബം പ്രകാശനം ചെയ്തു. പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി അജിത്കുമാർ, ജോയിന്റ് ഡയറക്ടർ സാമുവൽ എസ്.തോമസ്, പബ്ലിസിറ്റി ഓഫീസർ ഹരികൃഷ്ണൻ ജി, സംഗീത സംവിധായകനായ ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.
(ഗാനം യുട്യൂബിൽ കാണാം - //covid song//, //youtube/yhSCF2jUPI എന്ന ലിങ്കിൽ)
പി.എൻ.എക്സ്.1835/2020
- Log in to post comments