തീരദേശവാസികൾക്ക് ആശ്വാസം : തീരദേശ നിയന്ത്രണ മേഖല (സി ആർ ഇസെഡ്) ക്ലിയറൻസ് ഇനി മുതൽ ജില്ലാതലത്തിൽ
തീരദേശവാസികൾക്ക് ആശ്വാസമായി തീരദേശ നിയന്ത്രണ മേഖല (സി ആർ ഇസെഡ്) ക്ലിയറൻസ് ഇനി മുതൽ ജില്ലാതലത്തിൽ ലഭ്യമാകും. ഉത്തരവ് പ്രകാരം കടൽ, കായൽ, നദി, തോട്, എന്നിവയുടെ 100 മീറ്റർ ദൂരപരിധി വികസന നിഷിദ്ധമേഖലയായി കണക്കാക്കപ്പെടും. ഈ മേഖലയിൽ 100 സ്‌ക്വയർ മീറ്ററിന് താഴെ തറവിസ്തീർണമുള്ള വീട് നിർമിക്കുന്നതിനുള്ള അധികാരവും, ഈ ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുള്ള കേരള തീരദേശ പരിപാലന അതോറിറ്റി ജില്ലാ കമ്മറ്റിക്കായിരിക്കും. കടലിൽ നിന്നും 200 മീറ്ററിനും 500 മീറ്ററിനും ഇടയിലെ ഭൂമിയിൽ 250 സ്‌ക്വയർ മീറ്റർ തറ വിസ്തീർണമുള്ള കെട്ടിട നിർമ്മാണത്തിനുള്ള ക്ലിയറൻസ് നൽകുന്നതിനുള്ള അധികാരവും ഇതേ ജില്ലാകമ്മറ്റിക്കായിരിക്കും. 250 സ്‌ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് പഴയതുപോലെ സംസ്ഥാന കമ്മറ്റിയാണ് ക്ലിയറൻസ് നൽകുക. തീരദേശ എംഎൽഎമാരുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് മാത്രം പ്രവർത്തിച്ചിരുന്ന കേരള തീരദേശ പരിശീലന അതോറിറ്റിയുടെ ഓഫീസ് ഇപ്പോൾ ജില്ലാതലത്തിൽ പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. കടലിനോടും പുഴയോടും തോടിനോടും ചേർന്നു കിടക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി ആർ ഇസെഡ് ക്ലിയറൻസും ആവശ്യമായിരുന്നു. ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നത് മൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. ഈ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ അറുതിയാവുന്നത്.
കേരളത്തിലെ 10 തീരദേശ ജില്ലകളിലും തീരദേശ നിയന്ത്രണ മേഖലയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും സി ആർ ഇസഡ് ക്ലിയറൻസ് അനുവദിക്കുന്നതിന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ സംസ്ഥാന കമ്മിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. ഇതുമൂലം നിരവധി അപേക്ഷകർ അപേക്ഷ നൽകി ക്ലിയറൻസിനായി മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതി വരികയും, പല അപേക്ഷകൾക്കും ഭവനനിർമ്മാണത്തിന് സർക്കാർ ധനസഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്ത് 2013 ഡിസംബറിൽ കേരള തീരദേശ പരിപാലന അതോറിറ്റി ജില്ലകൾ തോറും കമ്മിറ്റികൾ രൂപീകരിച്ചു. എന്നാൽ ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. അനുമതി ലഭിക്കാത്തതിനാൽ തുടർന്നും അപേക്ഷകൾ സംസ്ഥാന കമ്മിറ്റിയാണ് കൈകാര്യം ചെയ്തിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016ൽ മുഖ്യമന്ത്രിയ്ക്ക് എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ കത്ത് നൽകിയിരുന്നു. ഈ കത്തും പരിഗണിച്ചാണ് ഇപ്പോൾ പരിസ്ഥിതി (ബി )വകുപ്പ് പ്രകാരം ജില്ലകളിൽ തന്നെ ക്ലിയറൻസ് നൽകാനുള്ള സൗകര്യം ഒരുക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
- Log in to post comments