Skip to main content

പിന്നോക്ക മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന പിന്തുണയുമായി സമഗ്രശിക്ഷാ കേരളം

പിന്നോക്ക മേഖലകളിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്ത് പഠന പിന്തുണ നല്‍കുന്ന സമഗ്രശിക്ഷാ കേരളം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ഓണ്‍ലൈന്‍ സംവിധാനം, ടിവി എന്നിവ ഇല്ലാത്ത കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എസ്സി, എസ്ടി കുട്ടികള്‍ക്കും മലയോര മേഖലയിലുള്ളവര്‍ക്കും പഠന പിന്നോക്കമുള്ള കുട്ടികള്‍ക്കുമായി ജില്ലയില്‍ പത്ത് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്. ട്രെയിനര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രോഗ്രാം ഓഫീസര്‍, ബിപിസി എന്നിവരുടെ നേതൃത്വത്തിലാണ് പിന്തുണ നല്‍കുക. പത്താംക്ലാസിലെ ശേഷിക്കുന്ന പരീക്ഷാ വിഷയങ്ങളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോയും നിര്‍മിക്കും. പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സമ്പൂര്‍ണ വിജയത്തിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം.

      ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ പഠനവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിനായി പതിനൊന്നു ബിആര്‍സികളും ഓട്ടിസം സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങി. സാമൂഹിക അകലം പാലിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് ഫിസിയോതെറാപ്പി നല്‍കി വരുന്നു. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവന്‍ റിസോഴ്സ് അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നു വരുന്ന ജീവനക്കാര്‍ക്ക് അടുത്തുള്ള ബിആര്‍സികളില്‍ ജോലിചെയ്യാനുള്ള സൗകര്യവും പൊതുഗതാഗത സംവിധാനം പുന:സ്ഥാപിക്കുന്നതു വരെ സമഗ്രശിക്ഷ നല്‍കിയിട്ടുണ്ട്. കോ-ഓര്‍ഡിനേറ്റര്‍മാര്‍ അതത് ബിആര്‍സി പരിധിയിലുള്ള പുതിയ ഭിന്നശേഷിക്കാരുടെ സര്‍വേ നടത്തുന്നു. 

      കൈറ്റ്, എസ്സിഇആര്‍ടി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന അധ്യാപക പരിശീലനം ഏകോപിപ്പിക്കുന്നത്  സമഗ്രശിക്ഷയാണ്. അമ്പത് അധ്യാപകര്‍ക്ക് ഒരു മെന്റര്‍ എന്ന നിലയില്‍ ക്രമീകരിച്ച് പരിശീലനം പുരോഗമിക്കുന്നു. മേയ് 20 വരെ നടക്കുന്ന വിദഗ്ധരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിച്ച് അധ്യാപകര്‍ പ്രഥമാധ്യാപകര്‍ക്കും ബിപിസിമാര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം.

      കോവിഡ് 19 വ്യാപനം തടയുന്നതിനായി അടുത്ത അധ്യയന വര്‍ഷം ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സമഗ്രശിക്ഷ മാസ്‌ക് നിര്‍മിച്ച് നല്‍കും. ജില്ലയിലെ ഒരു ബിആര്‍സിയില്‍ മുപ്പതിനായിരം മാസ്‌ക്കുകളാണ് നിര്‍മാണത്തിലുള്ളത്. പതിനൊന്നു ബിആര്‍സികളിലുമായി മൂന്നൂലക്ഷത്തി മുപ്പതിനായിരം മാസ്‌ക്കുകള്‍ നിര്‍മിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള മാസ്‌ക്കുകള്‍ ബിആര്‍സികളില്‍ തയാറാണെന്നും ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍  കെ.വി. അനില്‍ അറിയിച്ചു. 

 

date