Skip to main content

സുഭിക്ഷ കേരളം പദ്ധതി;  ജില്ലാ പഞ്ചായത്ത് പത്ത് കോടി രൂപ അനുവദിച്ചു

 

ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പത്ത് കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. നെല്‍കൃഷി, പച്ചക്കറികൃഷി, സുഫലം വിഷരഹിത ഫലം, വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറികൃഷി, ക്ഷീരഗ്രാമം, പോത്തുകുട്ടി പരിപാലനം, മുട്ടഗ്രാമം, കിടാരിഗ്രാമം, മത്സ്യ സഞ്ചാരി, ഹൈടെക് ഡയറി ഫാം, മുറ്റത്തെ പൂവന്‍, കയ്പ്പാട് നെല്‍കൃഷി വികസനം, കൂത്താളി ഫാമില്‍ കോള്‍ഡ് സ്‌റ്റോറേജ്, തീറ്റപ്പുല്‍ കൃഷി, സഞ്ചരിക്കുന്ന അരി മില്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് സുഭിക്ഷ പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് പത്ത് കോടി രൂപ അനുവദിച്ചത്. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന പഴം, പച്ചക്കറി എന്നിവ ശേഖരിച്ചു വെക്കുന്നതിനാണ് കോള്‍ഡ് സ്‌റ്റോറേജ് പദ്ധതി.

ജില്ലാ പഞ്ചായത്തിന്റെ ഫാമുകളില്‍ 30 ഏക്കര്‍ ഭൂമിയില്‍ പുതിയതായി കൃഷി ആരംഭിക്കും. പച്ചക്കറി, മരച്ചീനി, വാഴ, മഞ്ഞള്‍, തീറ്റപ്പുല്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തും. ഫാമുകളില്‍ മികച്ചയിനം വിത്തുകളും തൈകളും സംഭരിച്ചു വിതരണം ചെയ്യും. 350 ഹെക്ടര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് പ്രസിഡന്റ് പ്‌റഞ്ഞു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് യോഗം ചേര്‍ന്നത്. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, പി.കെ സജിത, സുജാത മനക്കല്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date