സുഭിക്ഷകേരളം പദ്ധതി - കൃഷി വ്യാപനത്തിന് ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം: ജില്ലാ കലക്ടര്‍
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിച്ച് ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിടുന്ന സുഭിക്ഷകേരളം പദ്ധതി നിര്‍വഹണത്തിന് ഗൂഗുള്‍ മാപ്പിങ് അടക്കമുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണം സംബന്ധിച്ച ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ തരിശ് ഭൂമിയായി കണ്ടെത്തിയിട്ടുള്ള 1909 ഹെക്ടര്‍ സ്ഥലവും ജിയോ മാപ്പിങ് മുഖേന രേഖപ്പെടുത്തണം. ഇവിടെ കൃഷിക്ക് ആവശ്യമായ ജലസേചനം ലഭ്യമാണോ എന്നും മറ്റുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണം. ആവശ്യമെങ്കില്‍ മറ്റ് സ്രോതസുകളില്‍ നിന്നും കൃഷിസ്ഥലത്തേക്ക് വെള്ളം എത്തിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കണം. കൃഷി വകുപ്പിന് പുറമേ ക്ഷീരവികസനം, ഫിഷറീസ് തുടങ്ങിയ അനുബന്ധ വകുപ്പുകളുടെ സംയോജനം സാധ്യമാക്കണം. കൃഷിവകുപ്പിലെ പരിചയ സമ്പന്നരായ ഉദ്യേഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോര്‍കമ്മിറ്റി രൂപീകരിക്കുകയും വാര്‍ഡ് തലത്തില്‍ പോലും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യണം. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളില്‍ കൃഷിയോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വമായ ശ്രമവും ഉണ്ടാവണം.
കൃഷിചെയ്യാതെ സ്ഥലം തരിശ് ഇട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ബന്ധപ്പെട്ടവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതിവേഗം അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. കാര്‍ഷിക സംരംഭകര്‍ക്ക് വായ്പയും മറ്റ് സാങ്കേതിക സഹായങ്ങളും അതിവേഗം ലഭ്യമാക്കാന്‍ ഇത്തരം വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ കഴിയണം. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി കൃഷിവ്യാപനം സാധ്യമാക്കണം. ചെറുതും വലുതമായ കര്‍ഷക കൂട്ടായ്മകള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ ബ്രാന്റിങ് നല്‍കുകയും വിപണി കണ്ടെത്തുകയും വേണം. ഹരിത കര്‍മസേനാംഗങ്ങള്‍ മുഖേന നാമമാത്രമായ കൃഷി ഉത്പാദകരില്‍ നിന്നുപോലും ഉത്പന്നങ്ങള്‍ വാങ്ങണം. കുടുംബശ്രീ മുഖേന ജനകീയ ഹോട്ടലുകളില്‍ ഇത്തരം കാര്‍ഷിക ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കണം. തരുശുനില നെല്‍കൃഷി, കിഴങ്ങുവിളകള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയുടെ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി അനിതാമണി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, ലീഡ് ബാങ്ക് മാനേജര്‍ റീന സൂസന്‍ ചാക്കോ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറ്ടര്‍ ടി കെ സയൂജ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ.നമ്പര്‍. 1406/2020)
- Log in to post comments