കാസര്‍കോട് വികസന പാക്കേജ്: കാലിക്കടവ് മിനി സ്റ്റേഡിയം നിര്‍മ്മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകും
പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കാലിക്കടവ് മിനി സ്റ്റേഡിയം നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ പറഞ്ഞു.സ്റ്റേഡിയം നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി ഭരണാനുമതി നല്കി. 2.35 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് വിഹിതമായി 35 ലക്ഷം രൂപയും ബാക്കി 200 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നുമാണ് അനുവദിക്കുക.
കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായിട്ടുളള ഒന്നാംഘട്ട പ്രവര്‍ത്തിയില്‍ രണ്ട് കോടി 35 ലക്ഷം രൂപയുടെ പ്രവര്‍ത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. എട്ട് മീറ്റര്‍ ഉയരത്തില്‍ ട്രസ്സ്ഡ് റൂഫ് മേല്‍ക്കൂരയോട് കൂടിയ സ്റ്റേജ്, 20 സെന്റിമീറ്ററില്‍ കൂടാതെ മണ്ണിട്ട് ഉയര്‍ത്തിയ ഗ്രൗണ്ട്, രണ്ട് നിലകളിലായി വനിതാ കായിക താരങ്ങള്‍ക്കും പുരുഷ കായിക താരങ്ങള്‍ക്കും പ്രത്യേകം വിശ്രമ മുറികളും, താമസ സൗകര്യവും ശൗചാലയങ്ങളും ഓഫീസ് റൂം മറ്റ് അനുബന്ധ സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് നില കെട്ടിടത്തിന്റെ ഇരുവശങ്ങളിലായി ആറ് വരികളിലായി കോണ്‍ക്രീറ്റ് ഗാലറി സൗകര്യവും ഒരുക്കും. കൂടാതെ ബോര്‍വെല്‍ ഉള്പ്പെട്ടുളള ജലവിതരണ സൗകര്യങ്ങള്‍, കെട്ടിടത്തിന്റെ വൈദ്യുതീകരണം എന്നിവയ്ക്കും പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിട്ടുളളതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
സ്റ്റേഡിയം നിര്‍മ്മാണത്തിനായി തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലനും പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ശ്രീധരനും നിവേദനം നല്‍കിയിരുന്നു.
- Log in to post comments