Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ വലനല്‍കല്‍ പദ്ധതിക്ക് തുടക്കമായി

 

ആലപ്പുഴ: മത്സ്യബന്ധന മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് മത്സ്യതൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന വലനല്‍കല്‍ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വലനല്‍കല്‍ പദ്ധതി മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് വല കൈമാറിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തീരദേശ-ഉള്‍നാടന്‍ മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്ന് വലകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയിലടക്കം മത്സ്യബന്ധനത്തിനും ഉല്‍പ്പദനത്തിനും വലിയ പ്രാധാന്യം നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് വലനല്‍കല്‍ പദ്ധതിയുടെ അടങ്കല്‍ തുക. ഇതില്‍ 10 ലക്ഷം രൂപ പദ്ധതി വിഹിതവും 10 ലക്ഷം ഗുണഭോക്തൃ വിഹിതവുമായാണ് വകയിരുത്തുക. എഫ്.ആര്‍.പി/മറൈന്‍ പ്ലൈവുഡ് വള്ളങ്ങളിലെ കേടായ വലമാറ്റി പുതിയ വല വാങ്ങി നല്‍കല്‍ പദ്ധതി പ്രകാരം 40 മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ രീതിയിലാണ്  ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. ‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിന്‍ഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ അശോകന്‍, കെ.റ്റി മാത്യൂ , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍ എന്നിവര്‍ സന്നിഹിതരായി.

date