Skip to main content

വിദേശത്തുനിന്നു വന്ന 13 പേരെ ഇന്ന് കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു

 

ജില്ലയില്‍ വിദേശത്തുനിന്നു വന്ന 13 പേരെ ഇന്ന് കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. അബുദാബി - കൊച്ചി ഫ്‌ളൈറ്റില്‍ വന്ന 12 പേരെ കായംകുളത്തെ കോവിഡ് കെയര്‍ സെന്ററിലും ദോഹയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഒരാളെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററിലുമാണ് പാര്‍പ്പിച്ചത്.

ന്യൂഡെല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ട്രെയിനില്‍ എറണാകുളത്തിറങ്ങിയ യാത്രക്കാരില്‍ 34 പേരെ കെഎസ് ആര്‍ടിസി ബസില്‍ പുലര്‍ച്ചെ ആലപ്പുഴയിലെത്തിച്ചു. നേരത്തെ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നും യാത്രക്കാരെ ബന്ധപ്പെട്ട്
വരുന്ന വ്യക്തിയുടെ താമസസ്ഥലം, വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ടോ, വാഹനം എവിടെ നിന്നാണ് വ്യക്തിയെ കയറ്റുക, ക്വോറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ വിശദ വിവരങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ വീടുകളില്‍ റൂം ക്വാറന്റൈന്‍ സൗകര്യമില്ലാത്ത ആറുപേരെ കോവിഡ് കെയര്‍ സെന്ററുകളിലാക്കി.  കെ എസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസുകള്‍ സജ്ജീകരിച്ചിരുന്നു. 12 പേരെ കായംകുളം ഭാഗത്തേക്കും ആറുപേരെ നീലംപേരൂര്‍, ചെങ്ങന്നൂര്‍, മാവേലിക്കര ഭാഗത്തേക്കും മൂന്നുപേരെ മുഹമ്മ, മാരാരിക്കുളം ഭാഗത്തേക്കും കെ എസ്ആര്‍ടിസി ബസുകളില്‍ അയച്ചു. സ്വകാര്യവാഹനങ്ങളിലും ആംബുലന്‍സിലുമായി 7 പേരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാനായി അയച്ചു.
 ന്യൂഡെല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ട്രെയിനില്‍ തിരുവനന്തപുരത്തിറങ്ങിയ യാത്രക്കാരില്‍ 9 ആലപ്പുഴ ജില്ലക്കാരാണ് കായംകുളം കെ എസ്ആര്‍ടിസി സ്റ്റാന്റിലെത്തിയത്. ഇതില്‍ എഴുപേരെ ആംബുലന്‍സിലും സ്വകാര്യവാഹനങ്ങളിലുമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയാനായി എത്തിച്ചു. രണ്ടു പേരെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തഹസില്‍ദാര്‍മാരായ കെ ആര്‍ മനോജ് ആലപ്പുഴ കെ എസ്ആര്‍ടിസി സ്റ്റാന്റിലും ഡിസി ദിലീപ് കുമാര്‍ കായംകുളം ബസ് സ്റ്റാന്റിലും സന്നിഹിതരായിരുന്നു.  
ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, കെഎസ്ആര്‍ടിസി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്റുകളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

ബസ് സ്റ്റാന്റുകളിലെത്തിയ യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്കാനുള്ള സംവിധാനം എര്‍പ്പെടുത്തിയിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ നല്കാനുള്ള സജ്ജീകരണവും എര്‍പ്പെടുത്തിയിരുന്നു.
ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്നും പോലീസും ആരോഗ്യവകുപ്പും ഉറപ്പാക്കിയിരുന്നു.
ബസ്സുകള്‍ തിരിച്ചെത്തിയ ശേഷം കെഎസ്ആര്‍ടിസിയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ അണുനശീകരണം നടത്തി.
ഹോം ക്വാറൈന്റന്‍/ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള ടീമുകള്‍ സജീവമായി രംഗത്തുണ്ട്.

date