Skip to main content

പുറക്കാട് പഞ്ചായത്തിൽ ഔഷധ ധൂപസന്ധ്യ ഇന്ന്

 

ആലപ്പുഴ : പുറക്കാട് സര്‍ക്കാര്‍ ആയുർവ്വേദ ഡിസ്പെൻസറിയിലെ ആയുർരക്ഷാ ടാസ്ക് ഫോഴ്സിൻറെയും പുറക്കാട് ഗ്രാമപഞ്ചായത്തിൻറെയും നേതൃത്വത്തിൽ ഇന്ന് (മെയ്  20) ബുധനാഴ്ച വൈകിട്ട് 7 മണിക്ക് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഔഷധചൂർണം ധൂപനം ചെയ്യുന്നു. ധൂപസന്ധ്യ ഔഷധദ്രവ്യങ്ങൾ തീക്കനലിലിട്ട് പുകച്ച്, അന്തരീക്ഷം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ധൂപനം. പുരാതനകാലം മുതൽ തന്നെ അനുവർത്തിച്ചു വരുന്ന ഒരു ദിനചര്യയാണിത്.
 ധൂപനത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു യോഗമാണ് അപരാജിത ധൂപചൂർണ്ണം. ഗുഗ്ഗുലു, നാന്മുഖപ്പുല്ല്, വയമ്പ്, ചെഞ്ചല്ല്യം, വേപ്പ്, എരുക്ക്, അകിൽ, ദേവതാരം എന്നീ ഔഷധങ്ങൾ ഇതിൽഅടങ്ങിയിരിക്കുന്നു.
മഴക്കാലരോഗങ്ങളുടെ പ്രതിരോധത്തിൽ ധൂപനത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. എല്ലാ വീടുകളിലും ഒരേദിവസം, ഒരേസമയം ധൂപനം ചെയ്യുകവഴി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഈ ധൂപത്തിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്.
പുറക്കാട് പഞ്ചായത്തിലെ 8200 വീടുകളിൽ ആണ് ഇത് വിതരണം ചെയ്തു നടപ്പാക്കുന്നതെന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ റഹ്മത്ത് ഹാമിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയശ്രീ ചന്ദു എന്നിവർ അറിയിച്ചു.

date