Skip to main content

കോവിഡ് വ്യാപനത്തിനെതിരേ ജാഗ്രത തുടരണം:  ജില്ലാ പോലീസ് മേധാവി

 കോവിഡ് വ്യാപനത്തിനെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. ജില്ലയില്‍ കോവിഡ്ബാധ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത അത്യാവശ്യമാണ്. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനസാധ്യത ഒഴിവാക്കുന്നവിധം ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുന്നകാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. പുറത്തിറങ്ങുന്ന എല്ലാവരും അതു ശീലമാക്കേണ്ടതും അല്ലാതെ വന്നാല്‍ നിയമനടപടി തുടരുന്നതുമാണ്. നടപടികള്‍ കര്‍ക്കശമാക്കിയശേഷം ഇന്നലെ (19) വരെ മുഖാവരണം ധരിക്കാത്തതിന്റെ പേരില്‍ 236 പേര്‍ക്ക് നോട്ടീസ് നല്‍കി. മാസ്‌ക് ധാരണം പ്രോത്സാഹിപ്പിക്കാന്‍ പോലീസ് ആരംഭിച്ച കാമ്പയിന്‍ കൂടുതല്‍ ആകര്‍ഷകമായി നടപ്പാക്കും. 

      ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈകൊണ്ടുവരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ അങ്ങനെതന്നെ തുടരണം. ഇവരെ ജനമൈത്രി പോലീസ് നിരീക്ഷിച്ചുവരുന്നു. ഇതിനുവേണ്ടി ബൈക്ക് പട്രോളിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ ലംഘിച്ച് വീടിനു പുറത്തിറങ്ങി അയല്‍വാസികളുമായി ഇടപഴകിയത്തിന് ഒരാള്‍ക്കെതിരെ പമ്പ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരെ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും  ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും സജീവമാകുകയും, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനഗതാഗതം പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കും. ലംഘനങ്ങള്‍ക്ക് കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. 

എല്ലാസ്ഥലങ്ങളിലും തിരക്ക് ഒഴിവാക്കണം. 10 വയസിനു താഴെയുള്ള കുട്ടികളുമായി ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടരുത്. 65 വയസ് കഴിഞ്ഞവരും അവശത അനുഭവിക്കുന്നവരും കഴിവതും പുറത്തിറങ്ങരുത്. വാഹനങ്ങളില്‍ കുത്തിനിറച്ചുള്ള യാത്രകള്‍ അനുവദിക്കില്ല. ലോട്ടറി വില്‍പന തുടങ്ങാന്‍ തീരുമാനിച്ചത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തും. 

      ഓട്ടോ ടാക്സികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണം. ഓഫീസുകളിലും മറ്റും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിച്ചേ പ്രവര്‍ത്തിക്കാവൂ.

ജില്ലയില്‍ അനധികൃത ചാരായ നിര്‍മാണവും, പാറ, മെറ്റല്‍ തുടങ്ങിയവയുടെ കടത്തും ശക്തമായി തടഞ്ഞതിനാല്‍ അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരായ കേസുകള്‍ വളരെയേറെ കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇന്നലെ വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു അബ്കാരി കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കൂടാതെ പാറയും മെറ്റലും അനധികൃതമായി കടത്തിയതിന് ജില്ലയില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, നാലു ടിപ്പറുകളും പിടികൂടി നടപടി സ്വീകരിച്ചു. ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചതിന് 39 കേസുകളിലായി 47 ആളുകളെ അറസ്റ്റ് ചെയ്യുകയും 20 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

date