താനൂരില്‍ റൂര്‍ബന്‍ മിഷന് പദ്ധതിക്ക് തുടക്കം. ആദ്യ ഘട്ടം ജലലഭ്യത ഉറപ്പാക്കാനും സമ്പൂര്‍ണ വൈദ്യൂതീകരണത്തിനും
ഗ്രാമീണ മേഖലയില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കി താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളില്‍ റൂര്‍ബന്‍ മിഷന് പദ്ധതിക്ക് തുടക്കമായി. ഇരു ഗ്രാമപഞ്ചായത്തുകളിലെയും വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വി.അബ്ദുറഹിമാന് എം.എല്‍.എ നിര്‍വഹിച്ചു. താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 33 കോടി രൂപയാണ് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചത്. ഇതില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്തിന് അനുവദിച്ച ആദ്യ ഗഡുവായ മൂന്നരക്കോടി രൂപ താനൂര്‍ കുടിവെള്ള വിതരണത്തിന്റെ ടാങ്ക് നിര്‍മാണത്തിനായാണ് വിനിയോഗിക്കുക. ഇതിനായുള്ള ചെക്ക് വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയര്‍ ഷംസുദ്ധീന് വി.അബ്ദുറഹിമാന് എം.എല്‍.എ കൈമാറി. രണ്ടു മാസത്തിനകം പ്രവൃത്തി പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. കുടിവെള്ള പ്രശ്നം രൂക്ഷമായ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പദ്ധതി വലിയ ആശ്വാസമാകും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കൂടിയാണ് ശ്യാമപ്രസാദ് റൂര്‍ബന്‍ പദ്ധതി. നഗര സമാനമായ മാറ്റങ്ങള്‍ റൂര്‍ബന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തുകള്‍ക്ക് കൈവരിക്കാനാകും.
രണ്ടു പഞ്ചായത്തുകള്‍ ചേര്‍ന്ന ക്ലസ്റ്ററിനാണ് പദ്ധതി. കേരളത്തിന് ആകെ നാല് ക്ലസ്റ്ററുകള്‍ മാത്രമാണ് അനുവദിച്ചത്. ആദ്യ ഗഡു രണ്ടു പഞ്ചായത്തുകള്‍ക്കും ലഭിച്ചിട്ടുണ്ട്. താനാളൂരില്‍ കുടിവെള്ള പദ്ധതിയ്ക്കും നിറമരുതൂരില്‍ വൈദ്യുതി വിതരണ സൗകര്യങ്ങള്‍ക്കും ആദ്യ ഗഡു ഉപയോഗിക്കാനാണ് തീരുമാനം.
താനാളൂര്‍ പഞ്ചായത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദുള്‍ റസാഖ്, വികസന കാര്യ സ്ഥിരംസമിതി ചെയര്മാന് കളത്തില്‍ ബഷീര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീര്‍ തുറുവായില്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments