Skip to main content

കട്ടപ്പനയുടെ കരുതലില്‍ നന്ദി പറഞ്ഞ് യു.പി സ്വദേശികള്‍

ഉത്തര്‍പ്രദേശിലെ മീററ്റ്, അലിഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിത്യവൃത്തിക്കായി കമ്പിളി പുതപ്പുകള്‍, സാരികള്‍, ചുരിദാറുകള്‍ തുടങ്ങിയവ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും വില്പനയ്ക്കായി എത്തിയ 25 അംഗ സംഘം കോവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ കട്ടപ്പനയില്‍ കുടുങ്ങിയത് രണ്ടരമാസക്കാലം. ഉല്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ സാധ്യതകളില്ലാതെ, പുറത്തിറങ്ങുവാനാകാതെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ സമയത്ത് കൈത്താങ്ങായ കട്ടപ്പന നഗരസഭാ ചെയര്‍മാനും ആരോഗ്യ വിഭാഗത്തിനും നന്ദിയര്‍പ്പിച്ച് യു.പി നിവാസികള്‍. ലോക്ക് ഡൗണ്‍ കാലഘട്ടങ്ങളില്‍ നഗരത്തിലെ 'കവിത', 'കാരിയില്‍' ലോഡ്ജുകളില്‍ കുടുങ്ങിപ്പോയ യു.പി സ്വദേശികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങളും, പലവ്യഞ്ജനങ്ങളും, പച്ചക്കറികളും കഴിഞ്ഞ രണ്ടരമാസമായി മുടക്കം കൂടാതെ എത്തിച്ചിരുന്നു. ഇവരെ കൂടാതെ 130 ഓളം മറ്റ് അതിഥി തൊഴിലാളികള്‍ക്കും നഗരസഭ ഭക്ഷ്യധാന്യങ്ങളും, പലവ്യഞ്ജനങ്ങളും നല്‍കി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇളവുകള്‍ വരുത്തുകയും ട്രയിന്‍ ഗതാഗതം ആരംഭിക്കുകയും ചെയ്തതോടു കൂടി ഇവര്‍ക്ക് സ്വദേശത്തേയേ്ക്ക് മടങ്ങിപ്പോകുവാന്‍ നഗരസഭ മുന്‍കൈയെടുത്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വദേശത്തേയ്ക്ക് മടങ്ങുവാന്‍ ടിക്കറ്റ് ലഭിച്ച 25 ഓളം അതിഥി തൊഴിലാളികളെ പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസില്‍ ഇന്നലെ എറണാകുളത്തേയ്ക്ക് യാത്രയാക്കി. യാത്രയില്‍ കഴിക്കുന്നതിനുള്ള ഭക്ഷണവും, വെള്ളവും കട്ടപ്പനയിലെ വ്യാപാരികള്‍ നല്‍കി. തങ്ങള്‍ക്ക് കരുതലും സ്നേഹവും നല്‍കിയ കട്ടപ്പനയിലെ ജനങ്ങള്‍ക്ക് തൊഴിലാളികള്‍ നന്ദി അറിയിച്ചു.
നഗരസഭാ ഓഫീസിന് മുമ്പില്‍ നടന്ന യാത്രയയപ്പില്‍ നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കി. നഗരസഭാ സെക്രട്ടറി സന്തോഷ് മാമ്പള്ളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി.ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ്, വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് സംസ്ഥാന സെക്രട്ടറി സിജോമോന്‍ ജോസ് എന്നിവര്‍  പങ്കെടുത്തു.

 

date