Skip to main content

പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി

കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കപ്പെട്ട എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോന്നി നിയോജക മണ്ഡലത്തില്‍ 32 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യോഗം വിലയിരുത്തി. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം ഉള്‍പ്പടെ ശുചിയാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കല്‍ നടപടി പൂര്‍ത്തീകരിച്ചു വരുന്നതായി ഫയര്‍ഫോഴ്സ് യോഗത്തില്‍ അറിയിച്ചു.
     പരീക്ഷാ ദിവസങ്ങളില്‍ രാവിലെയും, ഉച്ചയ്ക്കും പരീക്ഷാ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കും. പരീക്ഷാ ദിവസങ്ങളില്‍ കോമ്പൗണ്ടിലും, പരീക്ഷാ ഹാളിലുമടക്കം വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് ധരിക്കുന്നതിനാവശ്യമായ മാസ്‌കുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
       കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനായി എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് എംഎല്‍എ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും, അവരുടെ രക്ഷിതാക്കള്‍ക്കും ഹെല്‍പ്പ് ഡെസ്‌കുമായി എന്ത് ആവശ്യത്തിനും ബന്ധപ്പെടാമെന്നും, എല്ലാ സഹായവും ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ഡിഇഒ രേണുക, കോന്നി എഇഒ ഓഫീസ് സൂപ്രണ്ട് ജി.കണ്ണന്‍, അസിസ്റ്റന്റ്് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ കെ. ലാല്‍ജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍- 0468-2343330, 9847788377.
 

date