കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു
കൃഷി ഭവനുമായി ബന്ധപ്പെട്ട് കെ.എസ് ഇ.ബി യുടെ കാര്‍ഷിക കണക്ഷന്‍ എടുത്തിട്ടുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ പദ്ധതിയൊരുക്കി അനെര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടിന്റെ പി.എം.കെ.യു.എസ്.യു.എം പദ്ധതി പ്രകാരമാണ് പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്നത്. കാര്‍ഷിക കണക്ഷനായി എടുത്തു പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നല്‍കി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കാനും കഴിയും. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ തുടങ്ങി.
ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെയുള്ള പമ്പുകളാണ് സോളാര്‍ സംവിധാനത്തിലേയ്ക്ക് മാറ്റാനാവുക. ഒരു എച്ച്.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കണം. ഒരു എച്ച്.പി പമ്പ് സോളാര്‍ സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന് ആവശ്യമായ 54,000 രൂപയില്‍ 60 ശതമാനം തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡിയായി നല്‍കും. അഞ്ച് വര്‍ഷം വാറണ്ടിയുളള സോളാര്‍ സംവിധാനത്തിന് ബാറ്ററി ഇല്ലാത്തതിനാല്‍ അറ്റകുറ്റപണികള്‍ വേണ്ടതില്ല. ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്ന് നാല് മുതല്‍ അഞ്ച് യൂനിറ്റ് വരെ വൈദ്യുതി ലഭിക്കും. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാം.
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്. അനെര്‍ട്ടിന്റെ എം.പാനല്‍ ലിസ്റ്റിലുള്ള ഏജന്‍സികള്‍ മുഖേനയാണ് പാനല്‍ സ്ഥാപിക്കുക കര്‍ഷകര്‍ക്ക് ഇഷ്ടമുളള ഏജന്‍സികളെ തെരഞ്ഞെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാം. കര്‍ഷകര്‍ സബ്‌സിഡി കുറച്ചുളള 40ശതമാനം തുക മാത്രമേ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ നല്‍കേണ്ടതുള്ളൂ. അനെര്‍ട്ടിന്റെ ഊര്‍ജ്ജമിത്ര സെന്റര്‍ ആണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുളള ഫീസിബിലിറ്റി സ്റ്റഡി നടത്തുക. പാനല്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ നിഴല്‍ രഹിത സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന കര്‍ഷകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.
- Log in to post comments