Skip to main content

കഞ്ചിക്കോട്ടെ സംരംഭകയ്ക്ക് ഭൂമി അനുവദിച്ചത് ജില്ലാ വ്യവസായ കേന്ദ്രം

പാറ- കുന്നാച്ചി റോഡില്‍ കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം നടത്തുന്ന സംരംഭകയ്ക്ക് വ്യവസായം നടത്തുന്നതിന് കഞ്ചിക്കോട് വ്യവസായ മേഖലയില്‍  30 സെന്റ് അനുവദിച്ചത് ജില്ലാ  വ്യവസായ കേന്ദ്രമാണെന്ന് ജനറല്‍ മാനെജര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ പത്രമാധ്യമങ്ങളില്‍ കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറത്തിന്റെ സഹായത്തോടെയാണ് വ്യവസായ ഭൂമി ലഭിച്ചതെന്ന പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിന് വ്യവസായ ഭൂമിക്കായി സ്വപ്ന ഫെബ്രുവരി അഞ്ചിന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 13 നാണ് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 30 സെന്റ് ഭൂമി അനുവദിച്ചത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ  സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറമെന്നും ജനറല്‍ മാനെജര്‍ അറിയിച്ചു.

സംരംഭകയ്ക്കും ഭര്‍ത്താവിനും പാറ- കുന്നാച്ചി റോഡില്‍ നടത്തിയിരുന്ന കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്റെ വാടക കുടിശ്ശിക നല്‍കാത്തതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുടെ ആക്രമണം നേരിട്ടിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ സംരംഭക ഇത് സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന് പരാതി നല്‍കി. ക്രിമിനല്‍ കേസായതിനാല്‍ ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ ജില്ലാ കലക്ടറെ അറിയിക്കുകയും തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ കൃത്യസമയത്ത് വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

date