മത്സ്യകൃഷി വിളവെടുപ്പ് ഭക്ഷ്യോല്‍പ്പാദന സ്വയംപര്യാപ്തയ്ക്ക് വണ്ടന്മേട് പോലീസ് സ്റ്റേഷന് മാതൃക: മന്ത്രി എം.എം.മണി.
ഊര്‍ജദായക ഭക്ഷ്യോല്‍പ്പാദനം സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ ഘട്ടത്തില്‍ മത്സ്യകൃഷിയിലുള്‍പ്പെടെ മികച്ച നേട്ടം കൊയ്ത വണ്ടന്മേട് പോലീസ് സ്റ്റേഷന് സംസ്ഥാനത്തിന് മാതൃകയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.
വണ്ടന്മേട് പോലീസ് സ്റ്റേഷന് വളപ്പിലെ പടുതാകുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടാകാനിടയുള്ള ഭക്ഷ്യക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്താകെ കാര്‍ഷികരംഗം വിപുലീകരിച്ച് ഭക്ഷ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി വരുകയാണ്. ഒരു സെന്റ് സ്ഥലമേ ഉള്ളൂവെങ്കിലും പച്ചക്കറി ഉള്‍പ്പെടെ അതില്‍ അനുയോജ്യമായ കൃഷികള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ വ്യക്തിയും സ്ഥാപനങ്ങളും തങ്ങളുടെ പക്കലുള്ള ഭൂമി ഭക്ഷ്യോത്പ്പാദനത്തിനുതകുന്ന കൃഷിയ്ക്കായി ഉപയോഗിക്കുകയും അതിനായി സമയം കണ്ടെത്തുകയും വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡീഷണല്‍ എസ്.പി.എ.രാജന്, കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ് മോഹന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്, ഫിഷറീസ് ഉദ്യോഗസ്ഥനായ പി.കണ്ണന് തുടങ്ങിവര്‍ പങ്കെടുത്തു.
ഏകദേശം 500 കിലോയോളം മീന്‍ വിളവെടുപ്പില്‍ ലഭിച്ചു. പോലീസ് സ്റ്റേഷനിലെ അടുക്കളയിലേയ്ക്ക് എടുത്തതിനു ശേഷമുള്ള മീന്‍, സ്റ്റേഷനിലെ ജീവനക്കാര്‍ വിലയ്ക്കു വാങ്ങി. സംസ്ഥാനത്തു പോലീസ് സ്റ്റേഷന് വളപ്പില്‍ മത്സ്യകൃഷി നടത്തുന്നത് ഇത് ആദ്യമാണ്.
വണ്ടന്മേട് പോലീസ് സ്റ്റേഷന് വളപ്പിലെ അഞ്ചു സെന്റിലാണ് കഴിഞ്ഞ ജൂണില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പടുതാകുളം നിര്‍മ്മിച്ച് മത്സ്യകൃഷി ആരംഭിച്ചത്. ഫിഷറീസിന്റെയും ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും സഹകരണത്തോടെയാണ് മത്സ്യകൃഷി. 500 അസം വാള മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചിരുന്നത്. മത്സ്യകൃഷിയ്ക്കായി 40,018 രൂപ ഫിഷറീസില്‍ നിന്നും സബ്സിഡി ലഭിച്ചു. ഇനി രണ്ടാം ഘട്ടത്തില്‍ ആറ് മാസം കൊണ്ട് വിളവെടുക്കാവുന്ന ഗിഫ്റ്റ് തിലോപ്പിയ മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തുവാനാണ് ഉദ്ദേശിക്കുന്നത്.
മത്സ്യകൃഷിയ്ക്കായി യഥാസമയങ്ങളില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
മത്സ്യകൃഷി ആരംഭിക്കുന്നതിനു മുന്‍പു സ്റ്റേഷന് വളപ്പിലെ പച്ചക്കറി കൃഷി കൊണ്ട് വണ്ടന്മേട് പോലീസ് സ്റ്റേഷന് ഏറെ ജനശ്രദ്ധ നേടിയിരുന്നു. പച്ചക്കറി കൃഷിയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ മികച്ച സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം ഇവര്‍ കരസ്ഥമാക്കിയിരുന്നു. പോലീസ് സ്റ്റേഷന്റെ എല്ലാ മേഖലയിലുമുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ മികച്ച 87 സ്റ്റേഷനുകളില്‍ 26-ാം സ്ഥാനം വണ്ടന്മേടിന് ലഭിച്ചു. കേരളത്തില്‍ നിന്ന് ഇതില്‍ ഇടം പിടിച്ച
രണ്ട് സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനവും വണ്ടന്മേട് സ്റ്റേഷന് നേടിയിരുന്നു. സ്റ്റേഷന് വളപ്പിലെ അരക്കേറോളം സ്ഥലത്ത് വഴുതന, കാബേജ്, പയര്‍, പച്ചമുളക്, തക്കാളി, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കുഴല്‍ കിണറില്‍ നിന്നുള്ള വെള്ളത്തിനു പുറമെ
സ്റ്റേഷന് കെട്ടിടത്തില്‍ നിന്നു വീഴുന്ന മഴവെള്ളവും പൈപ്പ് ഉപയോഗിച്ച് മീന്കുളത്തിലെത്തിക്കുന്നു. തുടര്‍ന്ന് മീന്‍കുളത്തിലെ വെള്ളം കണികാ ജലസേചന സംവിധാനത്തിലൂടെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നു. വണ്ടന്മേട് സി.ഐ സുനീഷ്.റ്റി.തങ്കച്ചന്, എസ്.ഐ പി.എച്ച് നൗഷാദ് എന്നിവരുള്‍പ്പെടെ 35 ഓളം പോലീസ് ഉദ്യാഗസ്ഥരാണ് തങ്ങളുടെ വിശ്രമസമയം സ്റ്റേഷന് വളപ്പിലെ കൃഷിയ്ക്കായി വിനിയോഗിക്കുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ആര്.സുനില്‍കുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കൃഷി പുരോഗമിക്കുന്നത്.
കാടുപിടിച്ചു കിടന്ന പ്രദേശം വെട്ടിത്തെളിച്ച് 2018ല്‍ ആദ്യമായി പച്ചക്കറി കൃഷി ആരംഭിച്ചെങ്കിലും കുരങ്ങ് ശല്യത്താല്‍ വിജയിച്ചില്ല. തുടര്‍ന്ന് നടത്തിയ കൃഷിയെ പ്രളയം ബാധിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് മൂന്നാം തവണ നടത്തിയ പച്ചക്കറി കൃഷി വലിയ വിജയമായതോടൊപ്പം മത്സ്യകൃഷിയിലും മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് വണ്ടന്മേട് സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കര്‍ഷകര്‍. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന എസ്. ഐ ആയിരുന്ന ഇ.ജി ഷനില്‍ കുമാറും പിന്നീട് 2 മാസം മുന്‍പ് സ്ഥലം മാറിപ്പോയ പോലീസ് ഉദ്യോഗസ്ഥന് എച്ച്. സനല്‍കുമാറുമാണ് ആദ്യഘട്ടത്തില്‍ കാര്‍ഷികവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്.
സ്റ്റേഷനിലേയ്ക്ക് മാറി മാറി എത്തുന്ന ഓരോരുത്തരും മുന്‍ഗാമി ചെയ്തതിന്റെ ബാക്കി കൃഷി സ്വയം ഏറ്റെടുത്ത് ചെയ്തു പോരുന്നു. ഇത്തരത്തില്‍ വണ്ടന്‍മേട്ടിലെത്തുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥരും കൃഷിയെ മനസറിഞ്ഞ് സ്നേഹിക്കുന്ന കര്‍ഷകരായി മാറുകയാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം സ്റ്റേഷന്റെ ചെറിയ നവീകരണങ്ങള്‍ക്കും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇവര്‍ വിനിയോഗിക്കുന്നത്.
- Log in to post comments