Skip to main content

ചിങ്ങോലി വില്ലേജോഫീസ് ഇനി 'സ്മാർട്ടാണ് '.  ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നടന്നത് ഹൈ -ടെക് രീതിയിൽ

 

ഹരിപ്പാട് : ചിങ്ങോലി സ്മാർട്ട്‌ വില്ലേജോഫീസ് ഇനി സ്മാർട്ടാണ്. പുതിയതായി നിർമ്മിച്ച സ്മാർട്ട്‌ വില്ലേജോഫീസിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.  നിർമ്മാണം പൂർത്തീകരിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള സ്മാർട്ട്‌ വില്ലേജോഫീസുകളുടെ പ്രവർത്തനം എത്രയും പെട്ടന്നു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ വീഡിയോ കോൺഫറൻസുകളിലൂടെ ഓഫീസുകൾ ഉദ്ഘാടനം ചെയ്യാൻ സർക്കാർ മുന്നോട്ട് വന്നതെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സ്മാർട്ട്‌ വില്ലേജോഫീസുകളുടെ സേവനം ജനങ്ങൾക്ക് ലഭ്യമാകുമ്പോൾ ഓഫീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യതയോടും കൂടി ആവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

30.50 ലക്ഷം രൂപ ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഫീസ് കെട്ടിടം നിർമ്മിച്ചത്.  11 മാസം നിർമ്മാണ കാലാവധി ഉണ്ടായിരുന്ന കെട്ടിടത്തിന്റെ നിർമ്മാണം 8 മാസം കൊണ്ടാണ് കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചത്.  ഭാവിയിൽ കെട്ടിടം വിപുലീകരിക്കാവുന്ന രീതിയിൽ ഇൻവെർട്ടഡ് ടി. ബീം ഫൗണ്ടേഷനോട് കൂടിയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. വീഡിയോ കോൺഫെറൻസിലൂ ടെയുള്ള ഉദ്ഘാടന ചടങ്ങിന് ശേഷം ജില്ലാ കളക്ടർ എം. അഞ്ജന ഓഫീസ് ജനങ്ങൾക്കായി സമർപ്പിച്ചു.  മന്ത്രി ഇ. ചന്ദ്രശേഖരനെ കൂടാതെ മന്ത്രിമാരായ എം. എം മണി, കെ. ടി ജലീൽ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവരും വീഡിയോ കോൺഫെറെൻസിലൂടെ ആശംസകൾ നേർന്നു.  ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മണി വിശ്വനാഥ്,  മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ആനന്ദൻ,  ചിങ്ങോലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എച്. നിയാസ്,  ഡെപ്യൂട്ടി കളക്ടർ എസ്. വിജയൻ, എ. ഡി. എം ഇ. മോബി,  തഹസിൽദാർ ഡി. സി  ദിലീപ് കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 

date