Skip to main content

ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

 

ആലപ്പുഴ: ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ ക്ലസ്റ്റര്‍ ക്വാറന്റൈന്‍/ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഈ വാര്‍ഡുകളിലെ എം.സി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കുമെന്നും ജില്ല കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അവശ്യ/ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ കടകളില്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ആരോഗ്യവിഭാഗത്തിന്റേയും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാര്‍ഡ് ദ്രുത കര്‍മ്മ സേന (ആര്‍.ആര്‍.റ്റി)യുടേയും സേവനം തേടാം. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 
 ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലുള്‍പ്പെടുന്ന പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനാല്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവയെ നേരത്തെ ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു. രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ രോഗബാധ ഉണ്ടായിരുന്ന ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ / സ്ഥലങ്ങള്‍ എന്നിവയിലൂടെ രോഗവ്യാപനമുണ്ടാവുന്നത് തടയുന്നതിനായാണ് കൂടുതല്‍ കര്‍ശ്ശന നിയന്ത്രണങ്ങള്‍ പ്രദേശത്ത് നടപ്പാക്കുന്നത്. 

 

date