മികച്ച നേട്ടവുമായി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് വാടയ്ക്കല്‍
ആലപ്പുഴ: ജില്ലയില്‍ സര്‍ക്കാരിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് എന്ന സഹകരണ എന്‍ജിനീയറിങ് കോളേജിന് കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷാ ഫലം വന്നപ്പോള്‍ ജില്ലയില്‍ രണ്ടാം സ്ഥാനം ലഭിച്ചു. ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളജിനാണ് ഒന്നാം സ്ഥാനം. സര്‍ക്കാര്‍ മേഖലയില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സഹകരണ വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോളജില്‍ തുടര്‍ന്ന് വരുന്ന ചിട്ടയായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിജയത്തിന് കാരണമായി. വിദ്യാഭ്യാസ സേവന മേഖലയില്‍ അന്താരാഷ്ട്ര ഗുണനിലവാരം നിലനിര്‍ത്തുന്നതിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും കോളേജിനുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായാണ് ക്ലാസുകളും പരീക്ഷകളും നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട വിജയങ്ങള്‍ കോളേജിന് കൈവരിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു
- Log in to post comments