Skip to main content

യാത്രക്കായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ' സഞ്ചാരി കുടുംബ യാത്ര കൂട്ടായ്മ'

കേരളത്തിലെ ആദ്യ ജനകീയ കുടുംബ യാത്രാ കൂട്ടായ്മയായ 'സഞ്ചാരി' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് 67,502 രൂപ. സഞ്ചാരി കുടുംബ യാത്ര കൂട്ടായ്മയുടെ പ്രസിഡന്റും ഇരിങ്ങല്ലൂര്‍ പാലാണി എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ അലക്‌സ് തോമസ്, വൈസ് പ്രസിഡന്റ് വി.ആര്‍ പ്രമോദ്, ട്രഷറര്‍ കെ.പി.എ ഷരീഫ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലിക്ക് കലക്ടറേറ്റില്‍ വച്ച് നല്‍കിയത്.
മലപ്പുറം ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഞ്ചാരി ക്ലബിലെ അംഗങ്ങളാണ് കുടുംബവുമൊത്ത് അടുത്ത യാത്രയ്ക്കായി കരുതിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. യാത്ര കുടുംബത്തോടൊപ്പം മതിയെന്ന് 15 വര്‍ഷം മുമ്പെ തീരുമാനിച്ചുറപ്പിച്ചവരാണ് സഞ്ചാരി കൂട്ടായ്മയിലെ അലക്‌സ് മാഷും കൂട്ടരും. യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ പഠനവും ഒപ്പം ഇവര്‍ നടത്തുന്ന സാമൂഹിക ഇടപെടലുകളുമാണ് ഇവരുടെ യാത്രകളെ വേറിട്ടതാക്കുന്നത്. ആദിവാസി കുട്ടികള്‍ക്കുള്ള ലാപ്‌ടോപ് - പഠന സാമഗ്രികളുടെ വിതരണം, തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററിലെ ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതിയുടെ പ്രചാരണം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും സംഘം നേതൃത്വം നല്‍കിയിട്ടുണ്ട്.
 

date